

കൊല്ലം: രേഷ്മ ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഭര്‍ത്താവ് വിഷ്ണു. അവൾ പ്രസവിച്ച കുഞ്ഞിനെയാണ് ഉപേക്ഷിച്ചതെന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. കല്ലുവാതുക്കലില്‍ കരിയിലക്കൂനയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവാണ് വിഷ്ണു.
രേഷ്മ ഗർഭിണിയായ വിവരമോ, പ്രസവിച്ചതോ സംബന്ധിച്ച് യാതൊരു അറിവും തനിക്ക് ഉണ്ടായിരുന്നില്ലെന്നാണ് വിഷ്ണു പറയുന്നതെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. രേഷ്മ മണിക്കൂറുകളോളം ഫേസ്ബുക്കിൽ ചെലവിടുന്നതിന്‍റെ പേരിൽ തങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നെന്നും വിഷ്ണു പറയുന്നു.
‘ഒരു ദിവസം ആ ഫോണ്‍ ചോദിച്ചിട്ട് തന്നില്ല. അതിന്‍റെ പേരില്‍ ഫോണ്‍ താന്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു. അതിനുശേഷം രേഷ്മ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തത് അറിയില്ല’ വിഷ്ണു പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇത്രയും കാലം തന്നെ പൊട്ടനാക്കിയ രേഷ്മയെ ഇനി തനിക്ക് വേണ്ടെന്ന് വിഷ്ണു പറഞ്ഞതായി ന്യൂസ്18യും റിപ്പോർട്ട് ചെയ്തു.
അതേസമയം കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ രേഷ്മ കുറ്റം സമ്മതിച്ചെങ്കിലും ഇനിയും വ്യക്തത വരാനുണ്ടെന്നാണ് പോലീസ് പറയുന്നത്. രേഷ്മ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്ന് കാമുകനുമായി സംസാരിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ഇതുവരെയും ഈ കാമുകനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും ഇയാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഫേസ്ബുക്കിന്‍റെ സഹായം തേടിയിരിക്കുകയാണ് പോലീസ്.