Breaking News

കോണ്‍ഗ്രസ് നേതാവ്‌ പത്മജ വേണുഗോപാല്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ഇന്ന് വൈകിട്ട് ആറര മണിയോടെ ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് പത്മജ ബി.ജെ.പി അംഗത്വമെടുത്തത്. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍ പത്മജയ്ക്ക് അംഗത്വ കാര്‍ഡ് കൈമാറി. തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പത്മജ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പത്മജ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

കടുത്ത അവഗണനയാണ് തനിക്ക് കോണ്‍ഗ്രസില്‍നിന്ന് നേരിട്ടതെന്ന് പത്മജ ആരോപിച്ചു. മത്സരിക്കാന്‍ സീറ്റ് തന്നവര്‍തന്നെ തന്നെ തോല്‍പിക്കുകയായിരുന്നു. തനിക്കെതിരെ പ്രവര്‍ത്തിവരെ തന്നെ ജില്ലയിലെ ചുമതലകളിലേക്ക് പാര്‍ട്ടി കൊണ്ടുവന്നതും തന്നെ വളരെയേറെ വേദനിപ്പിച്ചുവെന്നും പത്മജ പറഞ്ഞു. യാതൊരുവിധ ഉപാധികളും ഇല്ലാതെയാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പത്മജ വേണുഗോപാല്‍ ചാലക്കുടിയില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്നും സൂചനകളുണ്ട്.

പത്മജയുടെ ചുവടുമാറ്റം കോണ്‍ഗ്രസ് നേതാക്കളെ വളരെയേറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെയുള്ള പത്മജയുടെ നിലപാട് മാറ്റം സി.പി.എം ഇതിനകം തന്നെ ചര്‍ച്ചയാക്കി മാറ്റിക്കഴിഞ്ഞു. വടകരയിലെ സ്ഥാനാര്‍ത്ഥിയുടെ സഹോദരിതന്നെ ബി.ജെ.പിയിലേക്ക് പോയിക്കഴിഞ്ഞുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് ഇനി ആരൊക്കെ ബി.ജെ.പിയിലേക്ക് പോകുമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചത്.
പത്മജ വേണുഗോപാല്‍ പാര്‍ട്ടിയെ ചതിച്ചുവെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. പത്മജയുമായി ഇനി യാതൊരുവിധ ബന്ധവുമില്ലെന്ന് സഹോദരന്‍ കെ.മുരളീധരന്‍ പ്രതികരിച്ചു. ഇ.ഡിയെ പേടിച്ചാണ് പത്മജ ബി.ജെ.പിയേക്ക് പോയതെന്നും പത്മജയുടെ ഭര്‍ത്താവ് വേണുഗോപാലിനെ ഇ.ഡി മുമ്പ് ചോദ്യംചെയ്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആരോപിച്ചു. പത്മജ ചെയ്തത് ചതിയാണെന്നും പത്മജയെ പാര്‍ട്ടി വേണ്ടവിധം പരിഗണിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *