Breaking News

കോണ്‍ഗ്രസ് അസത്യ പ്രചരണം അവസാനിപ്പിക്കണം: അഡ്വ.വി.ജോയി

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ബി.ആര്‍.എം.ഷെഫീര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.ജോയി

വര്‍ക്കല: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അസത്യ പ്രചരണം അവസാനിപ്പിക്കണമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും നിലവില്‍ എം.എല്‍.എയുമായ അഡ്വ.വി.ജോയി. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് യു.ഡി.എഫ് മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം അപവാദ പ്രചരണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരോപിച്ചു. ഇപ്പോള്‍ തനിക്കെതിരെ പ്രചരിച്ചുകൊണ്ടിരിക്കുന്ന അസത്യ പ്രചരണത്തിന്റെ സത്യാവസ്ഥയും അദ്ദേഹം വിശദീകരിച്ചു.
2020 ഫെബ്രുവരിയില്‍ വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ നടയറ കുന്നില്‍ ഭാഗത്ത് ശ്മശാനം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നം ഉയര്‍ന്നുവന്നിരുന്നു. ആ വാര്‍ത്ത അവിടത്തെ പ്രദേശവാസികളില്‍ വളരെ വിഷമവും ഉണ്ടാക്കി. അവിടെയുള്ള ഭൂരിപക്ഷം ജനങ്ങളും അവിടെ ശ്മശാനം നിര്‍മ്മിക്കാനുള്ള തീരുമാനം പിന്‍വലിപ്പിക്കണമെന്ന് എം.എല്‍.എയായ എന്നോട് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സനോടും സെക്രട്ടറിയോടും ഇതേക്കുറിച്ച് അന്വേഷിച്ചു. അങ്ങനെ അവിടെ ഒരു ശ്മശാനം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. അക്കാര്യം വിശദമാക്കാന്‍ ഒരു യോഗം വിളിക്കാന്‍ ഞാന്‍ തന്നെ ആവശ്യപ്പെട്ടു. അതിന്‍പ്രകാരം അവിടെ ഒരു അംഗന്‍വാടിയില്‍വച്ച് ഒരു യോഗം വിളിച്ചു. ആ പ്രദേശത്തെ 50-ഓളം ആളുകള്‍ അതില്‍ പങ്കെടുത്തു. ആ യോഗത്തില്‍ മുനിസിപ്പാലിറ്റി എന്ന അറിയിച്ച വിവരം ഞാന്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
മീറ്റിംഗ് തീരാറായപ്പോള്‍ അന്നത്തെ കൗണ്‍സിലറും മറ്റ് ചിലരും അവിടേക്ക് വന്നു. ശ്മശാനത്തിന്റെ പ്രശ്‌നം ഉന്നയിച്ചു. ഇവിടെ ശ്മശാനം വരില്ലെന്ന് ഞങ്ങള്‍ക്ക് എം.എല്‍.എ ഉറപ്പുനല്‍കിയെന്ന് അവിടെയുണ്ടായിരുന്നവര്‍ കൗണ്‍സിലറോടും കൂടെ വന്നവരോടും പറഞ്ഞു. അങ്ങനെ അവിടെ ഉണ്ടായിരുന്നവരും കൗണ്‍സിലറും തമ്മില്‍ വാക്കേറ്റമുണ്ടായി. അങ്ങനെയൊരു വാക്കേറ്റം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ വേണ്ടായെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍, അന്ന് ആ സമയത്ത് എടുത്ത വീഡിയോ ഈ തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിക്കുകയാണ് ചെയ്തത്. വോട്ട് ചോദിച്ചെത്തിയ എം.എല്‍.എ നാട്ടുകാരുടെ ചോദ്യം നേരിടാനാവാതെ മടങ്ങുന്നുവെന്ന രീതിയിലാണ് ഇപ്പോള്‍ ആ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും അഡ്വ.വി.ജോയി പറഞ്ഞു. കള്ളം പ്രചരിപ്പിച്ച് വോട്ട് നേടുകയെന്ന രീതിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇപ്പോള്‍ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും വിജിലന്‍സിനും പരാതി കൊടുക്കുമെന്നും അഡ്വ.ജോയി പറഞ്ഞു. ഏത് ഫോണില്‍നിന്നാണ് ഈ വീഡിയോ പ്രചരിച്ചത്, ഏത് കാലഘട്ടത്തിലാണ് ഈ വീഡിയോ ചിത്രീകരിച്ചത് ഇക്കാര്യങ്ങള്‍ വെളിച്ചത്തുവരാനാണ് വിജിലന്‍സിന് പരാതി നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *