Breaking News

അല്‍ സമീറിന്റെ മരണത്തില്‍ സംശയം; സി.പി.എം അക്രമം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ്

വര്‍ക്കലയിലെ കോണ്‍ഗ്രസ് നേതൃത്വം ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍നിന്ന്‌

വര്‍ക്കല: സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് വര്‍ക്കലയിലെ കോണ്‍ഗ്രസ് നേതൃത്വം. ഇന്നലെ രാവിലെ കണ്വാശ്രമം മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപം തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ന് രാവിലെ വര്‍ക്കല പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.
സി.പി.എം നേതൃത്വം ബോധപൂര്‍വ്വമാണ് വര്‍ക്കലയില്‍ കുപ്രചരണങ്ങളും അക്രമപ്രവര്‍ത്തനങ്ങളും നടത്തുന്നതെന്ന് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ബി.ആര്‍.എം.ഷെഫീര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മുതല്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ള സി.പി.എം നേതൃത്വം യു.ഡി.എഫിനെതിരെ കുപ്രചരണങ്ങള്‍ നടത്തി. അത് ഫലവത്താകാതെ വന്നതോടെയാണ് സി.പി.എം അക്രമത്തിലേക്ക് നീങ്ങിയത്. തെരഞ്ഞെടുപ്പ് ദിവസം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഇലകമണ്‍ കളത്തറയില്‍ തടഞ്ഞുവയ്ക്കുന്ന സംഭവവും ഉണ്ടായി. ഇലക്ഷന് ശേഷവും സി.പി.എം അക്രമം തുടരുകയാണ്. യു.ഡി.എഫ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചാണ് സി.പി.എം ആക്രമിക്കുന്നത്. ഏറ്റവും അവസാനം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി നൈസാമിനെ ആക്രമിച്ച് പരിക്കേല്‍പിച്ചു. വികലാംഗനായ അദ്ദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കോണ്‍ഗ്രസ് സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ്. സി.പി.എം ഗുണ്ടാരാജ് അവസാനിപ്പിക്കണം. സി.പി.എമ്മിന്റെ ഗുണ്ടാരാജിന് പോലീസും കൂട്ടുനില്‍ക്കുന്നു. അതൊന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് വര്‍ക്കലയില്‍ മറ്റ് പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഭയമില്ലാതെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് കുന്നില്‍ യൂണിറ്റ് സെക്രട്ടറിയായ അല്‍ സമീറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയംഗവും നഗരസഭ കൗണ്‍സിലറുമായ പി.എം.ബഷീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം രാത്രി 7.40ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നൈസാമിനെ കെ.എസ്.ആര്‍.ടി.സിയില്‍ ജോലിയുള്ള ഗുണ്ടാ നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു. ആശുപത്രിയില്‍ വച്ചും നൈസാമിന് വധഭീഷണിയുണ്ടായി. നിന്നെ സ്‌കെച്ച് ചെയ്തിരിക്കുകയാണെന്നാണ് ഒരു സി.പി.എം നേതാവ് നൈസാമിനെ ഭീഷണിപ്പെടുത്തിയത്. അതിന് ശേഷം പിറ്റേന്ന് രാവിലെ അല്‍ സമീറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. വളരെ സംശയകരമായ രീതിയിലാണ് അല്‍ സമീറിന്റെ മൃതദേഹം കണ്ടെത്തിയത്. സത്യസന്ധമായ അന്വേഷണത്തിലൂടെ അല്‍ സമീറിന്റെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്താന്‍ വര്‍ക്കല പോലീസ് തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
വിളബ്ഭാഗം സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഷാജിയെ രാത്രി പത്തുമണിയോടെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് യു.ഡി.എഫ് വര്‍ക്കല മണ്ഡലം ചെയര്‍മാന്‍ ധനപാലന്‍ പറഞ്ഞു. സംഭവത്തില്‍ അഞ്ചുതെങ്ങ് പോലീസില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ പരാജയം മണത്തതോടെയാണ് സി.പി.എം വര്‍ക്കല മണ്ഡലമൊട്ടാകെ അക്രമം അഴിച്ചുവിടാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനവികാരം തങ്ങള്‍ക്കെതിരാണെന്ന് മനസിലായതോടെ വര്‍ക്കലയിലുടനീളം സി.പി.എം അക്രമം നടത്തുന്നുവെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ബി.ഷാലി ആരോപിച്ചു. മുമ്പൊക്കെ കൊടിതോരണങ്ങളും ഫ്‌ളക്‌സുകളും വലിച്ചുകീറുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ സി.പി.എം അക്രമികള്‍ കൊടിതോരണങ്ങളും ഫ്‌ളക്‌സുകളുമൊക്കെ കത്തിക്കുകയാണ് ചെയ്തത്. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയെപ്പോലും തടയുന്ന നിലയിലേക്ക് സി.പി.എമ്മിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ നീളുന്നു. ഇതിനെല്ലാമുള്ള മറുപടി സി.പി.എമ്മിന് വര്‍ക്കലയിലെ ജനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *