Breaking News

ആലുവയിലെ പെണ്‍കുട്ടിയുടെ കൊലപാതകം; കര്‍മ്മം ചെയ്തയാള്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പരാതി

ആലുവ: ആലുവയിലെ പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്തയാള്‍ക്കെതിരെ പരാതി. ചാലക്കുടി സ്വദേശി രേവദ് ബാബുവിനെതിരെയാണ് പരാതി. മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണെന്നും ഇതിലൂടെ മതസ്പര്‍ദ്ദ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും രേവദ് ബാബു ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. ആലുവ സ്വദേശി അഡ്വക്കേറ്റ് ജിയാസ് ജമാലാണ് ആലുവ റൂറല്‍ എസ്പി ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

ആരോപണം തെറ്റാണെന്ന് പിന്നീട് രേവദ് തുറന്നു പറഞ്ഞുവെന്നും മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് ചാലക്കുടി സ്വദേശിക്കെതിരെ കേസെടുക്കണമെന്നും അഡ്വ.ജിയാസ് ജമാല്‍ ആരോപിക്കുന്നു. ഇന്നലെ കുട്ടിയുടെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്തതിന് ശേഷമാണ് രേവദ് ബാബു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഹിന്ദിക്കാരുടെ കുട്ടിയായത് കൊണ്ട് ആലുവയിലെ പൂജാരിമാര്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചെന്നായിരുന്നു പരാമര്‍ശം. ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയിലൂടെ വളരെ വേഗം പ്രചരിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഓട്ടോറിക്ഷാ ഡ്രൈവറായ രേവദ് ബാബുവിന്റെ പരാമര്‍ശത്തെ സാധൂകരിക്കുന്ന യാതൊരു വിവരവും ഇതുവരെ വെളിവായിട്ടില്ല. ഹിന്ദിക്കാരുടെ കുട്ടിയായത് കൊണ്ട് ആലുവയിലെ പൂജാരിമാര്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചെന്ന് രേവദ് ബാബു പറഞ്ഞുവെങ്കിലും ഇയാള്‍ ഏതെങ്കിലും പൂജാരിയെ സമീപിച്ചതായി പറയുന്നില്ല. പറവൂര്‍ മേഖലയിലെ പൂജാരിമാരെ ബന്ധപ്പെട്ടെന്നും അവര്‍ വിസമ്മതിച്ചെന്നുമാണ് ഇയാള്‍ ആരോപിച്ചത്. മാത്രമല്ല, കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് തന്നോട് പൂജ ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ കുട്ടിയുടെ പിതാവ് പ്രതികരിച്ചിട്ടില്ല. രേവദ് ബാബു പറഞ്ഞത് പോലെ ആരെങ്കിലും പൂജ ചെയ്യാന്‍ വിസമ്മതിച്ചതായും ഇതുവരെ വിവരമില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *