

വര്‍ക്കല: വര്‍ക്കലയില്‍ പ്രകൃതിദത്ത നീരുറവയില്‍ കക്കൂസ് മാലിന്യം ഒഴുക്കിയതായി പരാതി. വര്‍ക്കല നഗരസഭ പരിധിയിലെ കല്ലംകോണത്ത് മുനീശ്വരി ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ ബിലാലാണ് വീട്ടിലെ കക്കൂസ് മാലിന്യം വീടിന് നേരെ എതിര്‍വശത്തുള്ള ഓടയില്‍ ഒഴുക്കിയത്. ഈ നീരുറവയില്‍ നിരവധി മുതിര്‍ന്നവരും കുട്ടികളും കുളിക്കുകയും, തോടിനോട് ചേര്‍ന്നുള്ള നീരുറവയില്‍ നിന്നുള്ള ജലം കുടിവെള്ളത്തിനായി ഉപയോഗിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഈ നീരൊഴുക്കിന് ചേര്‍ന്നാണ് അങ്കണവാടിയും പ്രവര്‍ത്തിക്കുന്നത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വര്‍ക്കല പോലീസും, നഗരസഭ ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി. പരിശോധനയ്ക്ക് ശേഷം നാട്ടുകാരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ആയതിനാല്‍ ബ്ലീച്ചിംഗ് പൗഡര്‍ പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് മുന്‍കരുതല്‍ എടുക്കണമെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പൊതുജനത്തിന് മുന്നറിയിപ്പ് നല്‍കി.

ബിലാല്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപം ഹോട്ടല്‍ നടത്തുന്ന ആളാണ്. ഹോട്ടലില്‍ നിന്നുള്ള മാലിന്യങ്ങളെല്ലാം ചാക്കില്‍ കെട്ടി വീട്ടിലെ കിണറ്റിനുള്ളില്‍ നിക്ഷേപിക്കുകയാണ് ഇയാളുടെ രീതി. കിണറ്റിനുള്ള മാലിന്യങ്ങള്‍ നീക്കി ഉടന്‍ വൃത്തിയാക്കണമെന്നും, മാലിന്യമൊഴുക്കിയ നീരുറവ വൃത്തിയാക്കി ഉപയോഗയോഗ്യ മാക്കണമെന്നും ആരോഗ്യ വിഭാഗം ബിലാലിന് നിര്‍ദ്ദേശം നല്‍കി. ഇയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ നിരവധി പ്രാവശ്യം ആരോഗ്യ വിഭാഗം പരിശോധനയ്‌ക്കെത്തി വൃത്തിഹീനമായ സാഹചര്യങ്ങളാല്‍ നിരവധി തവണ നോട്ടീസ് നല്‍കി പൂട്ടിച്ചതാണ്. ബിലാലിനെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു.
