Breaking News

ശ്രീനാരായണഗുരുവിനെ അപകീർത്തിപ്പെടുത്തി എന്ന പരാതി; ക്ഷേത്രം തന്ത്രി അറസ്റ്റിൽ

അറസ്റ്റിലായ ക്ഷേത്രം തന്ത്രി കെ.വി സുബാഷ്

ശ്രീനാരായണ ഗുരുവിനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കലൂർ നാഗരാജ ക്ഷേത്രം തന്ത്രി കെ.വി. സുബാഷ് അറസ്റ്റിൽ.

കൊച്ചി: ശ്രീനാരായണ ഗുരുവിനെ അപകീർത്തിപ്പെടുത്തുകയും ഗുരുവിന്റെ മഹാസമാധി ദിനാചരണത്തെ മോശമായി ചിത്രീകരിക്കുകയും ചെയ്തുള്ള വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ ക്ഷേത്രം തന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തു.

മൂവാറ്റുപുഴ കലൂർ നാഗരാജ ക്ഷേത്ര ട്രസ്റ്റ് തന്ത്രിയും തുറവൂർ ശ്രീഭദ്രാ എൽ.പി സ്‌കൂളിനു സമീപം കൈതവളപ്പിൽ വീട്ടിൽ കെ.വി. സുബാഷിനെ(57)യാണ് എറണാകുളം റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം പള്ളം സ്വദേശിയായ ഷെൻസ് സഹദേവൻ എന്നയാളുടെ പരാതിയിലാണ് പോലീസ് നടപടി. കല്ലൂർക്കാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ എറണാകുളം റൂറൽ സൈബർ പോലീസിന് കൈമാറുകയായിരുന്നു.

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും എസ്.എൻ.ഡി.പി. യോഗവുമായി ബന്ധപ്പെട്ട സമുദായ നേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളാണ് വീഡിയോയിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ലഹളയ്ക്കും വിദ്വേഷത്തിനും ഇടയാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയായിരുന്നു വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചതെന്നും പോലീസ് അറിയിച്ചു.

സംഭവത്തിൽ എറണാകുളം റൂറൽ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബർ പോലീസിന്റെ ഇടപെടലിൽ വിവാദ വീഡിയോ ഇതിനകം യൂട്യൂബിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

പോലീസിന്റെ എഫ് ഐ ആറിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ കൂടാതെ അന്വേഷണത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും സൈബർ പോലീസ് അറിയിച്ചു

കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർ നിയമനടപടികൾ പൂർത്തിയാക്കി ഇന്ന് എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തതിനെതുടർന്ന് എറണാകുളം സബ് ജയിലിലടച്ചതായി പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *