
തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുമെന്ന് വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാവും ആ അമ്മ മത്സരിക്കുക. എന്റെ മക്കള്‍ക്ക് നീതി തേടിയാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ്ബിലായിരുന്നു പ്രഖ്യാപനം.
എന്നെ ഈ തെരുവിലിറക്കിയ ഡി.വൈ.എസ്.പി സോജന്‍ എന്നേക്കാളും താഴേത്തട്ടില്‍ ഒരു ദിവസമെങ്കിലും തലയില്‍ തൊപ്പിയില്ലാതെ നില്‍ക്കുന്നത് എനിക്ക് കാണണം. സോജനെപ്പോലെ ഒരുപാട് പൊലീസുകാര്‍ ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ മക്കളുടെ കേസ് സത്യസന്ധമായി അന്വേഷിക്കാതിരുന്നിട്ടുണ്ട്. എനിക്ക് വാശിയോടുകൂടി മല്‍സരിക്കണമെന്ന് തോന്നിയതിനു പിന്നിലെ ഒറ്റക്കാാരണം ഇതാണ്. ഞങ്ങള്‍ക്കു സംഭവിച്ചതുപോലെ ഒട്ടേറെ കുടുംബങ്ങള്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷേ അവരാരും പുറത്തുപറയാന്‍ കൂട്ടാക്കാതെ വീടിനുള്ളിലിരുന്ന് കരയുകയാണ്. എല്ലാ മക്കള്‍ക്കും ഈ കുടുംബങ്ങള്‍ക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. നഷ്ടപ്പെട്ട കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടിയാണ് ഈ നീക്കം-ആ അമ്മ വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്പ് വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ അന്വേഷണം അട്ടിമറിച്ച് പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ആ അമ്മ തല മുണ്ഡനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക് ഇറങ്ങുമെന്നു കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു.
14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സര്‍ക്കാര്‍ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്കു മരണശേഷവും സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. 2017ലാണു 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.