Breaking News

26 വാക്‌സിന്‍ കേന്ദ്രങ്ങള്‍ പൂട്ടി; പക്ഷഭേദം ആരോപിച്ച് മഹാരാഷ്ട്ര

വാക്‌സിന്‍ ക്ഷാമം കാരണം അടച്ചുപൂട്ടിയ മുംബൈയിലെ വാക്‌സിന്‍ കേന്ദ്രം

മുംബൈ: വാക്‌സിന്‍ തീര്‍ന്നതിനെ തുടര്‍ന്ന് മുംബൈയില്‍ 26 വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. പിന്നാലെ വാക്‌സിന്‍ വിതരണത്തില്‍ പക്ഷഭേദം ആരോപിച്ച് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് മന്ത്രിയും രംഗത്തെത്തി. മഹാരാഷ്ട്രയ്ക്ക് ആവശ്യമായ വാക്സിന്‍ ലഭ്യമാക്കിയില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മഹാരാഷ്ട്രയെ അപേക്ഷിച്ച് പകുതി ജനസംഖ്യയുള്ള ഗുജറാത്തിന് ഒരു കോടി വാക്സിന്‍ നല്‍കി. എന്നാല്‍ മഹാരാഷ്ട്രയ്ക്ക് ലഭിച്ചത് 1,04,000 വാക്സിന്‍ ഡോസുകള്‍ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം തന്നെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വാക്സിന്‍ തീര്‍ന്നിരുന്നു. സത്താര ജില്ലയില്‍ വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായും തീര്‍ന്നതായി അധികൃതര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ വാക്സിന്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മൂന്നു ദിവസത്തേക്കുള്ളത് മാത്രമേ ശേഷിക്കുന്നുള്ളൂ എന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞിരുന്നു. വാക്സിന്‍ തീര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനെ തുടര്‍ന്ന വാക്‌സിന്‍ ക്ഷാമം ഉണ്ടാകില്ലെന്നും, ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍ പ്രതികരിച്ചിരുന്നു.മഹാരാഷ്ട്രയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചത് 60,000 പുതിയ കോവിഡ് കേസുകളാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 81 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, യു.പി., ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *