

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പട്ടികയില്‍ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. മുതിര്‍ന്ന നേതാവായ തനിക്ക് അര്‍ഹമായ സ്ഥാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ലഭിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. എന്നാല്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാതെ മൗനം പാലിക്കുന്നതിന് കാരണം പുതുപ്പള്ള ഉപതെരഞ്ഞെടുപ്പാണെന്നാണ് സൂചന. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്തു മാത്രമാണ് പ്രതികരിക്കാത്തതെന്ന് നേതാക്കളെ അറിയിച്ചിരിക്കുകയാണ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തന്റെ അതൃപ്തി പ്രകടമാക്കുമെന്ന മുന്നറിയിപ്പും അതിലുണ്ട്.

അതേസമയം, ചെന്നിത്തലയുടെ പരാതിയില്‍ പല ദേശീയ നേതാക്കളും ഇടപെടുന്നുണ്ട്. ഇവരോടെല്ലാം മനപ്പൂര്‍വം അവഗണിച്ചു എന്ന പരാതിയാണ് ചെന്നിത്തല ആവര്‍ത്തിക്കുന്നത്. എ.ഐ.സി.സി പുതിയ ചുമതലകള്‍ നല്കിയാല് തല്ക്കാലം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് നിലവില്‍ ചെന്നിത്തലയുള്ളത്. രണ്ട് വര്‍ഷമായി പദവികളില്ലെന്നും ഒരു ചര്‍ച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നുമുള്ള പരാതിയും ചെന്നിത്തലക്കുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. തന്റെ വികാരം പാര്‍ട്ടിയെ അറിയിക്കാനാണ് ചെന്നിത്തല തീരുമാനിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ പരസ്യ വിവാദം ഒഴിവാക്കണമെന്നാണ് നേതാക്കളോട് എഐസിസി നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതൃപ്തിയുളള നേതാക്കളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ സംസാരിക്കും. പകുതി 50 വയസിന് താഴെയുള്ളവര്‍ ആകണമെന്ന ശുപാര്‍ശ ഇപ്പോള്‍ പ്രായോഗികമല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ആലോചിക്കുമെന്നും കേരളത്തില്‍ മാറ്റം വേണോ എന്നും ചര്‍ച്ച നടത്തുമെന്നാണ് എ.ഐ.സി.സി പറയുന്നത്. മാത്രമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും അത്രയ്ക്ക് സ്വീകാര്യനല്ലാത്ത ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയതും ചെന്നിത്തലയ്ക്ക് ക്ഷീണമായിട്ടുണ്ട്.
