
കട്ടപ്പന: രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പ്രസംഗം നടത്തിയ ജോയ്സ് ജോര്‍ജിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അങ്ങേയറ്റം മോശമായ പരാമര്‍ശമാണ് ജോയ്‌സ് ജോര്‍ജ്ജിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ചെന്നിത്തല പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ട് സി.പി.എം വിറളി പൂണ്ടിരിക്കുന്നു. അതുകൊണ്ടാണ് മുന്‍ എം.പി കൂടിയായ ജോയ്‌സ് ജോര്‍ജ് ഇതുപോലെ നിലവാരം കുറഞ്ഞ പ്രസംഗം നടത്തിയത്. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് അദ്ദേഹത്തിന്റെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണം. രാഹുല്‍ ഗാന്ധിയെപ്പോലൊരു ദേശീയ നേതാവിനെതിരേ വളരെ അപമാനകരമായ രീതിയില്‍ അദ്ദേഹം സംസാരിച്ചു. നാട്ടിലെ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണിത് കാണിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശം ജോയ്സ് ജോര്‍ജിന്റെ പാരമ്പര്യത്തിന്റെ ഭാഗമായി കണക്കാക്കുകയാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അഭിപ്രായപ്പെട്ടു. എംഎം മണിയുടെ അതേ ഭാഷയിലാണ് ജോയ്സ് സംസാരിക്കുന്നത്. ഡിജിപിക്ക് പരാതി നല്‍കും. വൈകിട്ട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടത്തുമെന്നും ഇബ്രാഹിം കുട്ടി കല്ലാര്‍ പറഞ്ഞു.