Breaking News

ഭാരതത്തിന്റെ അഭിമാനമായി ചന്ദ്രയാന്‍ ആകാശ വീഥിയിലേക്ക് കുതിച്ചുയര്‍ന്നു

ഭാരതത്തിന്റെ അഭിമാനമായി ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ ആകാശ വീഥിയിലേക്ക് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം നമ്പര്‍ വിക്ഷേപണത്തറയില്‍ നിന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ എല്‍വിഎം 3 (ലോഞ്ച് വെഹിക്കില്‍ മാര്‍ക്ക് 3) റോക്കറ്റിലേറി ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നത്. 16 മിനിറ്റിനകം റോക്കറ്റ് പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള താല്‍ക്കാലിക ഭ്രമണപഥത്തില്‍ (പാര്‍ക്കിങ് ഓര്‍ബിറ്റ്) എത്തിച്ചു. വരുംദിവസങ്ങളില്‍ ഭ്രമണപഥം ഘട്ടഘട്ടമായി ഉയര്‍ത്തി പേടകത്തെ ഇസ്‌റോ ചന്ദ്രനിലേക്ക് തൊടുത്തുവിടും.

അടുത്ത മാസം 23നോ 24നോ ആയിരിക്കും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപം ചന്ദ്രയാന്‍ 3 സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത്. ചന്ദ്രയാന്‍ വിജയകരമായി ചേ്രന്ദ്രാപരിതലത്തില്‍ ഇറങ്ങിയാല്‍ ചന്ദ്രനില്‍ സുരക്ഷിതമായി ഒരു പേടകം ലാന്‍ഡ് ചെയ്യിക്കുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഭാരതത്തിന് സ്വന്തമാകും. 2019 ല്‍ ചന്ദ്രയാന്‍ 2 ദൗത്യം ചന്ദ്രനില്‍ തൊടാന്‍ രണ്ട് കിലോ മീറ്റര്‍ മാത്രം ശേഷിക്കെ അവസാന നിമിഷം ഭാഗികമായി പരാജയപ്പെടുകയായിരുന്നു. ആ തിരിച്ചടിയില്‍ മനോവീര്യം നഷ്ടപ്പെടാതെ കഠിന പരിശ്രമം നടത്തിയാണ് ഇസ്രോ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *