Breaking News

പരിയാരത്ത് ദുരൂഹ സാഹചര്യത്തിൽ തകർന്ന കാർ കണ്ടെത്തി; രക്തക്കറയും വസ്ത്രങ്ങളും കണ്ടെത്തി

കണ്ണൂർ: പരിയാരം പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ തകർന്ന കാർ കണ്ടെത്തി. മുൻഭാഗം പൂർണമായും തകർന്ന നിലയിലുള്ള കാറിനുള്ളിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സ്ത്രീകളുടേയും കുട്ടികളുടേയും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ കാറിന് സമീപത്ത് ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു.

ചൊവ്വാഴ്ച രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് ഒഴിഞ്ഞ സ്ഥലത്ത് അസ്വാഭാവികമായി കാർ കിടക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് സമീപിച്ചുനോക്കിയപ്പോഴാണ് കാറിന്റെ മുൻഭാഗം തകർന്ന നിലയിലും അകത്ത് രക്തക്കറകളും കണ്ടെത്തിയത്. വാഹനത്തിന് പുറത്തായി വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ നിലയിലുമുണ്ടായിരുന്നു.സംഭവത്തെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പരിയാരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കാർ അപകടത്തിൽപ്പെട്ടതാണോ, അതോ മറ്റേതെങ്കിലും ദുരൂഹ സാഹചര്യങ്ങളുണ്ടായിട്ടുണ്ടോ എന്നതിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത് ആരാണെന്നും വാഹനത്തിന്റെ ഉടമസ്ഥൻ ആരാണെന്നതുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *