

ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അല്പസമയത്തികം പ്രഖ്യാപിക്കും. 11 മണിയോടെ ബജറ്റ് അവതരണം ആരംഭിക്കും. രാവിലെ 10 മണിയോടെ ധനമന്ത്രി നിര്‍മ്മല സീതാരാമന് രാഷ്ട്രപതിയെ കണ്ട് ബജറ്റ് അവതരണത്തിന് അനുമതി വാങ്ങി പാര്‍ലമെന്റിലെത്തി. കേരളം വളരെ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ വീക്ഷിക്കുന്നത്. എയിംസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരളത്തിന് നേട്ടമുണ്ടാകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കാമെന്നാണ് കരുതപ്പെടുന്നത്. റെയില്‍വേ മേഖലയിലും കേരളം നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നു. സബ്കാ സാഥ് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ബജറ്റ് എന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.



അതേസമയം, ബജറ്റില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും എന്ത് ഗുണം കിട്ടും, പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എന്ത് ആശ്വാസം ലഭിക്കും എന്നതൊക്കെയാണ് പ്രധാന ചോദ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബജറ്റ് അവതരണത്തിനുമപ്പുറം യാഥാര്‍ത്ഥ്യബോധത്തോടെ എന്തൊക്കെ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നതാണ് അറിയേണ്ടതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യബോധവുമായി ചേര്ന്നുനില്ക്കുന്നതല്ലെന്നും ഇതുവരെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ബി.ജെ.പി സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയി അഭിപ്രായപ്പെട്ടു.


