Breaking News

വമ്പന്‍ തിരിച്ചുവരവ്; ഹരിയാനയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം കടന്ന് അധികാരത്തിലേക്ക്

ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ ബി.ജെ.പി കേവല ഭൂരിപക്ഷവും കടന്ന് അധികാരത്തിലേക്ക്. മൂന്നാം തവണയാണ് ബി.ജെ.പി തുടര്‍ച്ചയായി അധികാരത്തിലേറുന്നത്. ആകെയുള്ള 90 സീറ്റുകളില്‍ 50 സീറ്റുകള്‍ ബി.ജെ.പി നേടി. പ്രധാന എതിരാളിയായ കോണ്‍ഗ്രസിന് 35 സീറ്റുകളാണ് നേടാനായത്. വോട്ടെണ്ണലിന്റെ ആദ്യ രണ്ട മണിക്കൂറുകളില്‍ ഏകപക്ഷീയമെന്ന രീതിയില്‍തന്നെ 60 സീറ്റുകളില്‍ മുന്നിട്ടുനിന്ന ശേഷമാണ് അവിശ്വസനീയമാം വിധം കോണ്‍ഗ്രസ് 35 സീറ്റുകളിലേക്ക് തകര്‍ന്നടിഞ്ഞത്. പതുക്കെ പതുക്കെ ലീഡ് ഉയര്‍ത്തിയ ബി.ജെ.പി കോണ്‍ഗ്രസിന് ഒപ്പവും കോണ്‍ഗ്രസിനേക്കാള്‍ ബഹുദൂരം മുന്നിലുമെത്തുകയായിരുന്നു.

ആദ്യ മണിക്കൂറുകളിലെ കോണ്‍ഗ്രസിന്റെ വന്‍ കുതിപ്പിന് പിന്നാലെ എ.ഐ.സി.സി ആസ്ഥാനത്തുള്‍പ്പെടെ പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങിയിരുന്നു. കേവല ഭൂരിപക്ഷം ഉറപ്പിക്കുമെന്നും 60 സീറ്റുകളെങ്കിലും നേടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് ക്യാമ്പ് ശോകമൂകമാകുന്ന കാഴ്ചയാണ് കണ്ടത്. ബി.ജെ.പി തങ്ങളുടെ ലീഡ് ഉയര്‍ത്തും തോറും കോണ്‍ഗ്രസ് ക്യാമ്പ് ദുര്‍ബലമാകുകയായിരുന്നു. ബി.ജെ.പി ലീഡ് കേവല ഭൂരിപക്ഷം പിന്നിട്ടതോടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍നിന്ന് നയിച്ച ഭൂപീന്ദര്‍ സിങ് ഹൂഡ എ.ഐ.സി.സി ആസ്ഥാനം വിട്ടുപോവുകയും ചെയ്തു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ആരോപണം ഉന്നയിച്ച് രംഗത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു എന്നാണ് ജയറാം രമേശ് ആരോപിച്ചത്.. ലോക്‌സഭാ തെരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നെന്ന് പറഞ്ഞ ജയറാം രമേശ് തെരഞ്ഞെടുപ്പ് കമ്മീഷനുമേല്‍ ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തുകയാണോയെന്നും ചോദിച്ചു. ലോകസഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അപ്പാടെ തെറ്റിക്കുന്നതാണ് ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സംഭവിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *