

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി.ജയരാജനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. ബി.ജെ.പിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് ഇ.പിക്കെതിരെ സി.പി.എം അച്ചടക്ക നടപടി സ്വീകരിച്ചത്. ടി.പി.രാമകൃഷ്ണനാണ് പകരം ചുമതല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയതാണ് ഇ.പിക്ക് വിനയായത്. ശോഭ സുരേന്ദ്രനാണ് ഇ.പി ബി.ജെ.പി പ്രവേശനം ലക്ഷ്യമിട്ട് പ്രകാശ് ജാവദേക്കറുമായി 3 തവണ ചര്‍ച്ച നടത്തിയെന്ന് ആരോപിച്ചത്. തുടര്‍ന്ന്, കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലായിരുന്നുവെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നും ഇ.പി സി.പി.എമ്മിന് വിശദീകരണം നല്‍കിയിരുന്നു.




എന്നാല്‍, ഇ.പിയുടെ വിശദീകരണം പാര്‍ട്ടി മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് അച്ചടക്ക നടപടി ഉണ്ടായതില്‍നിന്ന് മനസിലാകുന്നത്. പാര്‍ട്ടി തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം പാര്‍ട്ടി സംസ്ഥാന സിതിയില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് പോയി. അതേസമയം, പ്രതിപക്ഷം ഉന്നയിച്ച ഇ.പി ജയരാജന്‍-ബ.ിജെ.പി ബന്ധം സത്യമാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയായി. ജാവദേക്കറെ ഇ.പിയും മുഖ്യമന്ത്രിയും എന്തിന് കണ്ടുവെന്നും വി.ഡി.സതീശന്‍ ചോദിച്ചു. കേസുകള്‍ ദുര്‍ബലമാക്കാന്‍ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജാവദേക്കറെ ഇ.പി.ജയരാജന്‍ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.


