
ആറ്റിങ്ങൽ: അർദ്ധരാത്രി ബൈക്കിൽ എത്തിയ അക്രമിസംഘം ടൂറിസ്റ്റ് ബസ് അടിച്ച് തകർത്ത ശേഷം വീടിന് നേരെ സ്ഫോടക വസ്തുക്കൾ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. കഴിഞ്ഞ ദിവസം അർദ്ധരാത്രി ആലംകോട് മേലാറ്റിങ്ങൽ സ്വദേശി ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസാണ് ഇരുചക്ര വാഹനങ്ങളിൽ മാരകായുധങ്ങളുമായി എത്തിയ എട്ടംഗ സംഘം അടിച്ചുതകർത്ത ശേഷം വീടിന്റെ നേരെ സ്ഫോടക വസ്തുക്കൾ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ആറ്റിങ്ങൽ പോലീസിൽ കേസ്.

ബിജെപി ജില്ലാ നേതാവ് രാജേഷ് മാധവ്,ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ജീവൻലാൽ എന്നിവരെയും കണ്ടാലറിയാവുന്ന എട്ടുപേരെയും പ്രതികളാക്കി ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വ്യാഴാഴ്ച വെളുപ്പിന് 12:30 ഓടെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തും ഭാര്യയും ശബ്ദം കേട്ട് വീടിന് പുറത്ത് ഇറങ്ങി നോക്കുമ്പോൾ മാരകായുധങ്ങളുമായി എത്തിയ ആക്രമി സംഘം ബസ് അടിച്ചു തകർക്കുകയും വീടിന്റെ പുറത്തിറങ്ങിയ ശ്രീജിത്തിനെയും ഭാര്യയേയും അസഭ്യം വിളിച്ച ശേഷം കൈയിൽ വെട്ടുകത്തിയുമായി എത്തിയ പ്രതികളിൽ പ്രധാനിയായ രാജേഷ് മാധവ് ശ്രീജിത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി.
മാരകായുധങ്ങളുമായി എത്തിയ അക്രമികളെ കണ്ട് ഭയന്ന് ശ്രീജിത്തും ഭാര്യയും വീടിനുള്ളിൽ കയറി കതക് അടച്ചു . തുടർന്ന് അക്രമിസംഘം വീടിന് നേരെ സ്ഫോടക വസ്തുക്കൾ വലിച്ചെറിയുകയും , സ്‌ഫോടനത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചെന്നുമാണ് ശ്രീജിത്ത് ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയത്. സംഭവസമയത്ത് ശ്രീജിത്തിന്റെ മാതാപിതാക്കളും, അനുജനും ശ്രീജിത്തിന്റെ മകളും വീട്ടിലുണ്ടായിരുന്നു.

മൂന്ന് മാസങ്ങൾക്കു മുൻപ് വീടിന് സമീപത്തെ സ്കൂളിൽ നടന്ന പിടിഎ തിരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകനായ ശ്രീജിത്തും ബിജെപി നേതാവ് രാജേഷ് മാധവും തമ്മിൽ വാക്കു തർക്കമുണ്ടായി രുന്നു. ഇതാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് ശ്രീജിത്ത് പറഞ്ഞു. . സംഭവത്തെ തുടർന്ന് ഇന്ന് വെളുപ്പിന് 2 ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും , കേസ് രജിസ്റ്റർ ചെയ്ത് ആറ്റിങ്ങൽ പോലീസ് തുടർ നിയമ നടപടി ക്രമങ്ങൾ സ്വീകരിച്ചു വരുന്നു

