Breaking News

രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനം; വിമര്‍ശനവുമായി ബി.ജെ.പി

ദില്ലി: രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി. രാഹുല്‍ സമാധാനത്തിന്റെ മിശിഹയല്ലെന്ന് പറഞ്ഞ ബി.ജെ.പി സ്വാര്‍ത്ഥമായ രാഷ്ട്രീയ അജണ്ടയാണ് രാഹുലിന്റെ സന്ദര്‍ശനത്തിന് പിന്നിലുള്ളതെന്നും ആരോപിച്ചു. ബി.ജെ.പി നേതാവ് അമിത് മാളവ്യയാണ് രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് രംഗത്തുവന്നത്. കോണ്‍ഗ്രസിന്റെ കാലത്ത് സംഘര്‍ഷം ഉണ്ടായപ്പോള്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയില്ലെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.

രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനം രണ്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ്. കലാപബാധിത മേഖലകളിലെ ജനങ്ങളുമായും ജനപ്രതിനിധികളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. കലാപം രൂക്ഷമായിരുന്ന കുകി മേഖലയായ ചുരാ ചന്ദ്പൂരിലും ഇംഫാലിലും രാഹുല്‍ സന്ദര്‍ശനം നടത്തും.

അതേസമയം, മണിപ്പൂര്‍ കലാപത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. മണിപ്പൂരില്‍ കലാപം രൂക്ഷമായപ്പോഴൊന്നും അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രി രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കുറ്റപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരില്‍ സന്ദര്‍ശിച്ചിട്ട് പ്രയോജനമൊന്നും ഉണ്ടായില്ലെന്നായിരുന്നു ഉദ്ദവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും നേതാവ് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *