
വാഷിങ്ടണ്‍: ബഹിരാകാശത്ത് ബിസിനസ് പാര്‍ക്ക് തുടങ്ങുമെന്ന് ശതകോടീശ്വരനും ബഹിരാകാശ വിനോദസഞ്ചാര കമ്പനിയായ ബ്ലൂഒറിജിന്റെ ഉടമസ്ഥനുമായ ജെഫ് ബെസോസ്. ഓര്‍ബിറ്റല്‍ റീഫ് എന്നു പേരുനല്‍കിയിരിക്കുന്ന പാര്‍ക്കിന്റെ പ്രവര്‍ത്തനം 2025-നുശേഷം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 32,000 ചതുരശ്രയടി വിസ്തീര്‍ണമാകും പാര്‍ക്കിനുണ്ടാകുക. ഇതില്‍ ഒരേസമയം 10 പേരെ ഉള്‍ക്കൊള്ളിക്കാം. ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഓര്‍ബിറ്റല്‍ റീഫ് ഒരുക്കും. സ്‌പേസ് ഹോട്ടലും ഉണ്ടാകും.
സിയേറ സ്‌പേസ്, ബോയിങ് എന്നീ കന്പനികളും പാര്‍ക്കിന്റെ നിര്‍മാണത്തില്‍ ബ്ലൂ ഒറിജിനൊപ്പം പങ്കാളികളാകും. ബഹിരാകാശ ഏജന്‍സികള്‍, സാങ്കേത കമ്പനികളുടെ കൂട്ടായ്മ, സ്വന്തമായി ബഹിരാകാശ നിലയമില്ലാത്ത രാജ്യങ്ങള്‍, മാധ്യമ, വിനോദസഞ്ചാര കമ്പനികള്‍, ഗവേഷകര്‍, സംരംഭകര്‍ എന്നിവര്‍ക്കെല്ലാം പാര്‍ക്കില്‍ ഇടമുണ്ടാകുമെന്ന് കമ്പനികള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്നാല്‍, പദ്ധതിയുടെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്ലൂ ഒറിജിനായി പ്രതിവര്‍ഷം 7490 കോടി രൂപ (100 കോടി യു.എസ്. ഡോളര്‍) ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ബെസോസ് പദ്ധതിക്കായി വന്‍ തുക മുടക്കുമെന്നാണ് വിവരം.
20 വര്‍ഷം പഴക്കമുള്ള നാസയുടെ അന്താരാഷ്ട്ര ബഹിരാകാശനിലയം പുനഃസ്ഥാപിക്കണമെന്ന ഗവേഷകരുടെ നിര്‍ദേശം പുറത്തുവന്നതിനു പിന്നാലെയാണ് പ്രഖ്യാപനം. 2025-ഓടെ തങ്ങളുടെ ബഹിരാകാശ യാത്രികര്‍ നിലയം വിടുമെന്ന് റഷ്യ നേരത്തേ വ്യക്തമാക്കിയിരുന്നു. നിലയത്തിലെ കാലപ്പഴക്കം സംഭവിച്ച ഉപകരണങ്ങള്‍ അപകടത്തിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇതിനു മറുപടിയായി ഉപകരണങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് സ്വകാര്യ കരാറുകാര്‍ക്ക് 2997 കോടി രൂപ നല്‍കുമെന്ന് നാസ അറിയിച്ചു. അമേരിക്കന്‍ ബഹിരാകാശ കമ്പനികളായ നാനോറാക്‌സ്, വോയജര്‍ സ്‌പേസ്, ലോക്ഹീഡ് മാര്‍ട്ടിന്‍ എന്നിവ 2027-ഓടെ തങ്ങളുടെ ബഹിരാകാശനിലയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.