Breaking News

ചിറയിന്‍കീഴില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

ചിറയില്‍കീഴ്: ചിറയിന്‍കീഴില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ചിറയിന്‍കീഴ് പഞ്ചായത്ത് അധികൃതര്‍ പതിനഞ്ചോളം വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് 100 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഒറ്റത്തവണ ഉപയോഗത്തിനുള്ള ഉല്‍പന്നങ്ങളും പിടിച്ചെടുത്തത്. ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു. പരിശോധനയ്ക്ക് ചിറയിന്‍കീഴ് പോലീസിന്റെ സഹായവും പഞ്ചായത്ത് അധികൃതര്‍ തേടി.

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എത്തിയ പാലകുന്ന് നാസര്‍ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും പഞ്ചായത്ത് അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. കടുത്ത നിയമ ലംഘനങ്ങളാണ് പഞ്ചായത്ത് അധികൃതര്‍ ഈ ഹോട്ടലില്‍ കണ്ടെത്തിയത്. ഹോട്ടലിന്റെ പിന്‍ഭാഗത്ത് വേസ്റ്റ് വീണ് പുഴുവരിക്കുന്ന അവസ്ഥയിലുള്ള അനധികൃത അറവുശാലയും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെ അവശിഷ്ടവും കണ്ടെത്തി.

ദിവസങ്ങളോളം പഴകിയ ഭക്ഷണ സാധനങ്ങളും ഇറച്ചി വിഭവങ്ങളും നാസര്‍ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്തു. തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. മാത്രമല്ല, ഈ ഹോട്ടലിന് ലൈസന്‍സോ ജീവനക്കാര്‍ക്ക് മതിയായ ഹെല്‍ത്ത് കാര്‍ഡോ ഉണ്ടായിരുന്നില്ല. ഇവിടെനിന്നും പഴകിയ ഭക്ഷണ സാധനങ്ങളും വൃത്തിഹീനമായ ചുറ്റുപാടും കണ്ടെത്തിയതോടെ പരിശോധനയ്ക്കായി പഞ്ചായത്ത് അധികൃതര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസറുടെ സഹായം തേടിയെങ്കിലും ഹെല്‍ത്ത് വകുപ്പിന്റെ സേവനം ലഭിച്ചില്ല.

ചിറയിന്‍കീഴ് പഞ്ചായത്ത് അസി.സെക്രട്ടറി നിഷ.വി.ആര്‍, സൂപ്രണ്ട് പി.രഘു, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ മിഷ, മനാസ് രാജ്, ക്ലാര്‍ക്കുമാരായ അരുണ്‍ജിത്ത്, സുജിത് കുമാര്‍, രേഖ.ഒ, ചിറയിന്‍കീഴ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പരിശോധനകള്‍ തുടരുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *