Breaking News

പനവേലികടവിലെ മുളത്തടികൾ നീക്കി; കടത്ത് വള്ള സർവീസിനും ആറാട്ട് ചടങ്ങുകൾക്കും ഇനി തടസ്സമില്ല

ആറ്റിങ്ങൽ: നഗരസഭ പരിധിയിലെ 5-ാം വാർഡിൽ പനവേലി കടവിൽ തടസ്സമായി കിടന്നിരുന്ന മുളത്തടികൾ നഗരസഭ ആരോഗ്യ വിഭാഗം നീക്കം ചെയ്തു. മൂന്നു മാസം മുമ്പ് ഒടിഞ്ഞ് വീണ മുളകൾ വാമനപുരം നദിയിലെ ജലമൊഴുക്ക് തടസ്സപ്പെടുത്തുകയും വലിയ തോതിൽ മാലിന്യം അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്തിരുന്നു. ഇതോടെ പ്രദേശവാസികളുടെ ദൈനംദിന ജീവിതം ദുസഹമായിരുന്നു.

തുടർന്ന് ഇറിഗേഷൻ വകുപ്പിന്റെ കരാറുകാരൻ നദിയിൽ നിന്ന് നീക്കം ചെയ്ത മുളകൾ പനവേലികടവിലും കടവിലേക്ക് പോകുന്ന റോഡിൻ്റെ വശങ്ങളിലും കൊണ്ടുവെച്ചതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി. കടവിലെത്തി കടത്തു തോണിയിൽ യാത്ര ചെയ്യേണ്ട നാട്ടുകാർക്ക് മുളത്തടികൾ വലിയ ബുദ്ധിമുട്ടുണ്ടാക്കി. മുളകൾ കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

പ്രദേശത്തെ നിരവധി പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോട നുബന്ധിച്ച് നടക്കുന്ന ആറാട്ട് ചടങ്ങുകൾ വിശ്വാസപ്രകാരം പനവേലി കടവിലൂടെയാണ് നടത്തപ്പെടുന്നത്. വരും മാസങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്ക് തടസ്സം ഉണ്ടാകുമെന്ന ആശങ്കയും ഉയർന്നിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാരും ക്ഷേത്രഭാരവാഹി കളും നഗരസഭ ചെയർമാൻ എം. പ്രദീപിനെ വിവരം അറിയിച്ചു.

പരാതിയെ തുടർന്ന് ചെയർമാനും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളും സ്ഥലത്തെത്തി കടവിൽ കൂട്ടിയിട്ടിരുന്ന മുളത്തടികൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. കടത്ത് വള്ളസർവീസിനും മതചടങ്ങുകൾക്കും തടസ്സം സൃഷ്ടിച്ചിരുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *