Breaking News

മോശം പ്രകടനം; കെ.സുരേന്ദ്രന്‍ രാജിവയ്ക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം

കെ.സുരേന്ദ്രന്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനം മോശമായിരുന്നെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നും പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതായും റിപ്പോര്‍ട്ടുണ്ട്.
പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം നടത്താനുള്ള സാഹചര്യം സംസ്ഥാനമൊട്ടാകെ ഉണ്ടായിട്ടും അത് മുതലാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. സംസ്ഥാന അധ്യക്ഷന്റെ പിടിപ്പുകേടും ഏകാധിപത്യവുമാണ് ബി.ജെ.പിയെ പിന്നോട്ടടിച്ചത്. കോര്‍ കമ്മിറ്റിയോ തെരഞ്ഞെടുപ്പ് കമ്മിറ്റിയോ ചേരാതെയാണ് ബി.ജെ.പി ഇലക്ഷനെ നേരിട്ടത്. പ്രകടനപത്രികപോലും തയാറാക്കിയിരുന്നില്ല-ഇതൊക്കെയാണ് കത്തിലെ പ്രധാന ആരോപണങ്ങള്‍.
സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്തിന് ഉറപ്പുകൊടുത്ത വിജയത്തിന്റെ അടുത്തെത്താന്‍പോലും സാധിച്ചിട്ടില്ല. 8,000 സീറ്റുകളും 194 പഞ്ചായത്തുകളും 24 നഗരസഭകളും തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളും നേടാമെന്നായിരുന്നു സംസ്ഥാന നേതൃത്വം കേന്ദ്രത്തിനു നല്‍കിയ ഉറപ്പ്. സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് മാത്രം മുന്നോട്ടുപോയി.
അതേസമയം മറുവശത്ത് കേന്ദ്ര പദ്ധതികള്‍ സ്വന്തം പേരിലാക്കി ജനങ്ങളിലെത്തിച്ച് എല്‍.ഡി.എഫ് നേട്ടമുണ്ടാക്കി. ഇതിന് തടയിടാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. കേന്ദ്ര പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ സമീപിക്കുന്നതില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. ഇതേ രീതി തുടര്‍ന്നാല്‍ പാര്‍ട്ടിക്ക് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയുണ്ടാകുമെന്നും കത്തില്‍ വിശദീകരിക്കുന്നു.
ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ സംസ്ഥാന അധ്യക്ഷനെതിരെ വിമര്‍ശനം ഉയരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1321 വാര്‍ഡുകളാണ് സംസ്ഥാനത്ത് ബി.ജെ.പിക്കുണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ 1601 ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും അഞ്ച് വര്‍ഷംകൊണ്ട് ബി.ജെ.പിക്കുണ്ടായ വളര്‍ച്ചയ്ക്ക് ആനുപാതികമായ വിജയമായി അതിനെ കണക്കാക്കാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച പ്രകടനമാണ് നടത്തിയതെന്നായിരുന്നു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ പ്രതികരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *