Breaking News

ബി.ഡി.ജെ.എസ് വേണ്ട, ബി.ജെ.പി മതി: വര്‍ക്കലയില്‍ പ്രതിഷേധം

വര്‍ക്കലയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം

വര്‍ക്കല: വര്‍ക്കല മണ്ഡലത്തില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതിനെതിരെ പ്രതിഷേധം. നൂറോളം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് 5.15ന് മട്ടിന്റെ മൂട് ജംഗ്ഷനില്‍നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം വര്‍ക്കല മൈതാനിയില്‍ സമാപിച്ചു.
താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യവുമായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. മുന്നണി സംവിധാനത്തില്‍ ഘടകകക്ഷികള്‍ക്ക് പ്രാധാന്യമുണ്ട്. അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും കൊടുക്കണം. അക്കാര്യത്തില്‍ എതിരഭിപ്രായമില്ല. ബി.ജെ.പിക്ക് വിജയസാധ്യതയും ശക്തമായ സംഘടനാ സംവിധാനവുമുള്ള വര്‍ക്കല മണ്ഡലത്തില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് അംഗീകരിക്കാനാവില്ല. വര്‍ക്കലയില്‍ ബി.ജെ.പിയുടെ സംഘടനാ സംവിധാനം വളരെ ശക്തമാണ്.
എന്നാല്‍ ബി.ഡി.ജെ.എസിന് ഒരു മണ്ഡലം കമ്മിറ്റിയോ അതിന് താഴെയുള്ള സംവിധാനങ്ങളോ വര്‍ക്കലയില്‍ ഇല്ല. സ്ഥാനാര്‍ത്ഥിയല്ല പ്രശ്‌നം. സ്ഥാനാര്‍ത്ഥി ആരായാലും ബി.ജെ.പി ചിഹ്നമായ താമര അടയാളത്തില്‍ മത്സരിക്കണം. പ്രകടനത്തില്‍ നേതാക്കന്മാരില്ല. എല്ലാവരും പ്രവര്‍ത്തകരാണ്. ബി.ഡി.ജെ.എസ് എന്ന സംഘടനയ്‌ക്കോ അജി.എസ്.ആര്‍.എം എന്ന വ്യക്തിക്കോ എതിരായിട്ടല്ല. ബി.ജെ.പിക്കെതിരായിട്ടുമല്ല. ബി.ജെ.പി നേതാക്കന്മാര്‍ക്ക് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാന്‍ സാധിക്കണം. ഇനി വരുന്ന തെരഞ്ഞെടുപ്പിലെങ്കിലും വര്‍ക്കലയില്‍ താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി മത്സരിക്കണം. അതിനുവേണ്ടിയാണ് ഈ പ്രതിഷേധം-പ്രതിഷേധക്കാര്‍ വിശദീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *