

വര്‍ക്കല: വര്‍ക്കലയില്‍ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഒരു മരണം. വര്‍ക്കല കട്ടിംഗ് സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളി സാവിത്രിയമ്മ(88)യാണ് മരണപ്പെട്ടത്. 5 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ രാധ, ബേബി, മേബിള്‍ എന്നിവര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലും ബീന, ശ്യാമള എന്നിവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ചെറുന്നിയൂര്‍ ശാസ്താംനട റോഡില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.


തൊഴിലാളികള്‍ പണിസ്ഥലത്തുനിന്ന് ആഹാരം കഴിക്കുന്നതിനായി ശാസ്താംനട ഭാഗത്തേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടയില്‍ പെട്ടെന്ന് വെട്ടിത്തിരിച്ചപ്പോഴാണ് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടതെന്നാണ് ഡ്രൈവറില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. റോഡിന്റെ മധ്യഭാഗത്തുവച്ച് ഓട്ടോറിക്ഷ മറിഞ്ഞതോടെ യാത്രക്കാരായ തൊഴിലുറപ്പ് തൊഴിലാളികള്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
