Breaking News

ആറ്റിങ്ങൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ച് മോഷണം: 20കാരൻ പോലീസ് പിടിയിൽ

ആറ്റിങ്ങൽ: ഇരട്ടപ്പന മാടൻനട തമ്പുരാൻ ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ച് പണം കവർന്ന കേസിൽ 20കാരനെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. മണനാക്ക് സ്വദേശിയായ മലയാപൊയ്ക വീട്ടിൽ അൽ-അമീൻ ആണ് പിടിയിലായത്.

മെയ് 24-ന് രാവിലെ 11 മണിക്കും വൈകിട്ട് 4.30നും ഇടയ്ക്കുള്ള സമയത്താണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ച് ഏകദേശം ആറായിരത്തോളം രൂപ മോഷ്ടിക്കപ്പെട്ടത്. മോഷണ വിവരം മനസ്സിലാക്കിയ ഉടൻ ക്ഷേത്ര ഭാരവാഹികൾ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സമാന കേസുകളിൽ മുമ്പും ഉൾപ്പെട്ടിട്ടുള്ള ആളാണ് പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.

പ്രതിക്കായി അന്വേഷണം ശക്തമാക്കിയതിനിടെ ഇയാൾ ആറ്റിങ്ങൽ പൂവൻപാറ ശിവക്ഷേത്ര പരിസരത്തുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അൽ-അമീൻ മുമ്പും ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും, കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലുമുള്ള മോഷണക്കേസിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു.കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *