

ആറ്റിങ്ങല്‍: കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷന്‍ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ മെഡല്‍ തിളക്കവുമായി ആറ്റിങ്ങല്‍ നഗരസഭ ജീവനക്കാരന്‍. മലപ്പുറം തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മൈതാനത്ത് സംഘടിപ്പിച്ച സംസ്ഥാനതല ടൂര്‍ണമെന്റിലാണ് തിരുവനന്തപുരം കരിങ്കുളം സ്വദേശിയായ അഖില്‍രാജ് 2 മെഡലുകള്‍ സ്വന്തമാക്കിയത്. ലോംഗ്ജംപില്‍ രണ്ടാം സ്ഥാനവും, നൂറു മീറ്റര്‍ ഓട്ടമത്സരത്തില്‍ മൂന്നാം സ്ഥാനവും ഇദ്ദേഹം നേടി. നിരവധി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത കായിക താരങ്ങളോടായിരുന്നു അഖില്‍രാജ് മാറ്റുരച്ചത്.

പി.എസ്.സി മുഖേന മൂന്നര വര്‍ഷം മുമ്പാണ് ഇദ്ദേഹം ആറ്റിങ്ങല്‍ നഗരസഭയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. സ്‌കൂള്‍ പഠനകാലഘട്ടം മുതല്‍ ജില്ലാ സംസ്ഥാതല മത്സരങ്ങളില്‍ പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട് ഈ 38 കാരന്‍. ഇനി നടക്കാനിരിക്കുന്ന സിവില്‍ സര്‍വ്വീസ് മീറ്റില്‍ പങ്കെടുക്കാന്‍ തയ്യാറാവുകയാണ് അഖില്‍രാജ്. പരേതനായ രാജന്‍-സുഭാഷിണി ദമ്പതികളുടെ ഏക മകനാണ്. ഭാര്യ ദിവ്യയും മക്കളായ ആത്മജയും, ആത്മികയുമാണ് തന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നിലെന്ന് അഖില്‍രാജ് പറയുന്നു.

