Breaking News

ആറ്റിങ്ങലില്‍ അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ഗ്രാമം റോഡിലെ അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചു. അനധികൃത തെരുവ് കച്ചവടം നിരോധിച്ചുകൊണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. നഗരസഭ ഉദ്യോഗസ്ഥര്‍ അനധികൃത കച്ചവടക്കാരോട് നിരവധി തവണ ഹൈക്കോടതി ഉത്തരവ് ബോധ്യപ്പെടുത്തി കൊടുത്തെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഇതിനെ തുടര്‍ന്നാണ് നഗരസഭ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് നീങ്ങിയത്.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റാംകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവികുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍, രാഖി മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തി അനധികൃത കച്ചവടം നടത്തിയവരുടെ കച്ചവട സാധനങ്ങളും, വഴിയോരങ്ങളില്‍ ഉപേക്ഷിച്ച മറ്റ് സാധനങ്ങളും പിടിച്ചെടുക്കുകയും, അനധികൃത കയ്യേറ്റ ശ്രമം തടയുകയും ചെയ്തു.

കൂടാതെ സമീപത്തെ ഒരു കടയില്‍ ഫുട്ട് പാത്തിലേക്ക് ഇറക്കിവച്ച് കച്ചവടം നടത്തി വന്ന സാധനങ്ങള്‍ അവിടെ നിന്നും മാറ്റിക്കുകയും ഇനി വ്യാപാര സ്ഥാപനത്തിലെ സാധനങ്ങള്‍ ഫുട്പാത്തിലേക്ക് ഇറക്കിവച്ച് കച്ചവടത്തില്‍ ഏര്‍പ്പെട്ടാല്‍ സ്ഥാപനത്തിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറ്റിങ്ങല്‍ ഗ്രാമം റോഡില്‍ അനധികൃത വഴിയോര കച്ചവടം അനുവദിക്കില്ലെന്നും ശക്തമായ പരിശോധനകള്‍ നടത്തി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു.

ആറ്റിങ്ങല്‍ നഗരസഭ മാര്‍ക്കറ്റുകള്‍ ഒഴിഞ്ഞ് കിടക്കുമ്പോള്‍ ഹൈക്കോടതി ഉത്തരവിനെ വകവെക്കാതെ അനധികൃത കച്ചവടം നടക്കുന്നത് വ്യാപക ആക്ഷേപത്തിന് വഴിവച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്ന് നേരത്തെ ആറ്റിങ്ങല്‍ നഗരസഭ ഹെല്‍ത്ത് വിഭാഗം അനധികൃത തെരുവ് കച്ചവടക്കാരെ ഇവിടെനിന്നും ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ചില കച്ചവടക്കാര്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തുന്ന സമയം ഒഴിച്ച് മറ്റ് സമയങ്ങളില്‍ കച്ചവടം നടത്തി വന്നത് വീണ്ടും ഈ റോഡില്‍ അനധികൃത കച്ചവടം പഴയതുപോലെയാകാന്‍ ഇടയാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *