

തിരുവനന്തപുരം: നാടിനെ നടുക്കിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തു. വധശിക്ഷയ്ക്കെതിരെ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വധശിക്ഷ ഇളവ് ചെയ്തത്. മിറ്റിഗേഷന്‍ റിപ്പോര്‍ട്ടാണ് വധശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ നിര്‍ണായകമായത്. നിനോ മാത്യു ജയിലില്‍ സഹതടവുകാരോട് നന്നായി പെരുമാറുന്നതും ഇയാള്‍ക്ക് നേരത്തെ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നതും ഭാവിയില്‍ മാനസാന്തരത്തിനുള്ള സാധ്യതയായി കോടതി കണക്കിലെടുത്തു.



അതേസമയം, ക്രൂരമായ രീതിയില്‍ മൂന്ന് വയസുകാരിയെയും വൃദ്ധയെയും കൊലപ്പെടുത്തിയെന്ന് തെളിഞ്ഞതിനാല്‍ പ്രതി 25 വര്‍ഷം തുടര്‍ച്ചയായി ആനുകൂല്യങ്ങള്‍ ഇല്ലാതെ ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. കേസില്‍ രണ്ടാം പ്രതിയായ അനുശാന്തിക്ക് വിചാരണ കോടതി വിധിച്ച ഇരട്ടജീവപര്യന്തം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അനുശാന്തിയുടെ അപ്പീല്‍ തള്ളിയ ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോണ്സണ് ജോണ്‍ എന്നിവര്‍ ഇവരുടെ ഇരട്ടജീവപര്യന്തം ശരിവെച്ചു. കേസില്‍ നിനോ മാത്യു ഒന്നാം പ്രതിയും അനുശാന്തി രണ്ടാം പ്രതിയുമാണ്.



2014 ഏപ്രില്‍ 16നാണ് ആറ്റിങ്ങലിലെ വീട്ടില്‍ കയറി നിനോ മാത്യു കാമുകിയായ അനുശാന്തിയുടെ മകള്‍ മൂന്നരവയസുകാരി സ്വാസ്തികയെയും ഭര്‍തൃമാതാവ് ഓമനയെയും വെട്ടിക്കൊലപ്പെടുത്തിയത്. ടെക്നോപാര്‍ക്കിലെ ജീവനക്കാരായിരുന്ന നിനോ മാത്യൂവും അനുശാന്തിയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതാണ് ഇരട്ടക്കൊലപാതകത്തില്‍ അവസാനിച്ചത്. ഒരുമിച്ച് ജീവിക്കാനുള്ള തടസ്സം ഒഴിവാക്കാനായിരുന്നു ക്രൂരമായ കൊലപാതകം. കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ അനുശാന്തി മുഖ്യപങ്കാളിത്തം വഹിച്ചിരുന്നു. കൃത്യത്തിനായി വീടിന്റെ മുഴുവന്‍ ദൃശ്യങ്ങളടക്കം ആഴ്ചകള്‍ക്ക് മുന്‍പേ അനുശാന്തി നിനോ മാത്യുവിന് കൈമാറി.



ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനും ഗുരുതര പരുക്കേറ്റിരുന്നു. മാസങ്ങളുടെ തയ്യാറെടുപ്പില്‍ കൊലപാതകത്തിന് പ്രതികള്‍ കൗണ്ട് ഡൗണ്‍ നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഒന്നാം പ്രതിയായ നിനോ മാത്യുവിന്റെ വധശീക്ഷ ഒഴിവാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രോസിക്യൂഷന് അഭിഭാഷകന് വ്യക്തമാക്കി.
