Breaking News

നാടുകടത്തൽ ഉത്തരവ് ലംഘിച്ചു വീണ്ടും കൊലപാതകശ്രമം ; കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി അറസ്റ്റിൽ

കല്ലമ്പലം:- നാടുകടത്തൽ ഉത്തരവ് ലംഘിച്ചു വീണ്ടും കൊലപാതക ശ്രമം ; കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി അറസ്റ്റിൽ. കാപ്പ നിയമപ്രകാരം നാടുകടത്തിയിട്ടും ഉത്തരവ് ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതിയെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. വർക്കല ഒറ്റൂർ വെട്ടിമൺകോണം കുന്നുവിള വീട്ടിൽ അഭികണ്ണൻ എന്നു വിളിക്കുന്ന 27 വയസ്സുള്ള അഭിജിത്തിനെയാണ് കല്ലമ്പലം പോലീസ് പിടികൂടിയത്.

കല്ലമ്പലം കടക്കാവൂർ വർക്കല എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഇയാളെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവുപ്രകാരം 2025 ജൂലൈ 16 മുതൽ എട്ട് മാസത്തേക്ക് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. തുടർന്ന് ഇയാൾ കണ്ണൂർ ജില്ലയിലെ ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ അളപ്രയിലെ കൊയിലേരിവീട്ടിൽ താമസിച്ചു വരികയായിരുന്നു. എന്നാൽ നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഇക്കഴിഞ്ഞ മാർച്ച് 7-ന് രാത്രി കല്ലമ്പലം ജംഗ്ഷനിൽ സ്വകാര്യ ബസ് ജീവനക്കാരനെ ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാളെ പിടികൂടുകയായിരുന്നു. കൊലപാതകശ്രമം ഉൾപ്പെടെ ഏകദേശം എട്ട് കേസുകളിൽ പ്രതിയായ ഇയാൾ നാടുകടത്തൽ ഉത്തരവ് ലംഘിച്ചാണ് വീണ്ടും കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

കാപ്പ നിയമം ലംഘിച്ചതിനും, സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കല്ലമ്പലം എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐമാരായ സുനിൽകുമാർ, എ.എസ്.ഐ ഇർഷാദ്, എസ്.സി.പി.ഒ അസീം, അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ വീണ്ടും കാപ്പ നിയമത്തിന് ശുപാർശ ചെയ്യുമെന്നും കല്ലമ്പലം പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *