
കോഴിക്കോട്: അട്ടപ്പാടി ചുരത്തില്‍ ബാഗിനുള്ളില്‍ കണ്ടെത്തിയ വ്യവസായിയുടെ മൃതദേഹത്തിന് 7 ദിവസത്തെ പഴക്കമെന്ന് മലപ്പുറം എസ്.പി സുരജ് ദാസ്. അട്ടപ്പാടി ഒമ്പതാം വളവില്‍നിന്ന് രണ്ട് ബാഗുകള്‍ അഗ്നിശമന സേനയുടെ സഹായത്തോടെ പോലീസ് കണ്ടെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ഇതുവരെ 3 പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
ഷിബിലി(22), ഫര്‍ഹാന(18) എന്നീ പ്രതികളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സഹായത്തോടെ ചെന്നൈയില്‍നിന്നാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതെന്ന് എസ്.പി വെളിപ്പെടുത്തി. വ്യക്തിപരമായ കൊലപാതകത്തിന് പ്രേരണയായതെന്നാണ് പ്രാഥമിക വിവരമെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മെയ് 19ന് പ്രതികള്‍ മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മെയ് 19ന് വൈകിട്ട് 3.09 നും 3.11 നും ഇടയിലാണ് മൃതദേഹം ട്രോളി ബാഗിലാക്കി കാറില്‍ കയറ്റിക്കൊണ്ട് പോയത്. പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിലേക്ക് ആദ്യം ഒരു പുരുഷനും പിന്നീട് ഒരു യുവതിയും ബാഗുകള്‍ കാറില്‍ കൊണ്ടുവയ്ക്കുന്നതും തുടര്‍ന്ന് ഇവര്‍ കാറില്‍ കയരി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എരഞ്ഞിപ്പാലത്തുള്ള ഡി കാസ ഇന്‍ ഹോട്ടലില്‍ മെയ് 18ന് സിദ്ദിക് മുറിയെടുത്തിരുന്നു. ഹോട്ടലിലെ ജി 3, ജി 4 മുറികളിലാണ് സിദ്ധിക്കും പ്രതികളും താമസിച്ചിരുന്നത്. ഈ രണ്ട് മുറികളും ബുക്ക് ചെയ്തത് കൊല്ലപ്പെട്ട സിദ്ദിക് ആണെന്നാണ് സൂചന.
ഈ മാസം 24 മുതല്‍ സിദ്ദിക്കിനെ കാണാനില്ലെന്ന വിവരം മകന്‍ പോലീസില്‍ പരാതിയായി നല്‍കിയിരുന്നു. ഇടയ്ക്ക് സിദ്ദിക്കിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും അക്കൗണ്ടില്‍നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിച്ചതായി മകന് മെസ്സേജ് കിട്ടുകയും ചെയ്തതോടെയാണ് തിരൂര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സിദ്ദിക്ക് കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തുവന്നത്.
