
വര്‍ക്കല: വര്‍ക്കല കുരയ്ക്കണ്ണി പാറയില്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ വാര്‍ഡില്‍ കോവിഡ് ബാധിച്ച് 73 വയസ്സുള്ള ആള്‍ മരണപ്പെട്ടിരുന്നു. ഇടയ്ക്കിടയ്ക്ക് ഇയാള്‍ക്ക് ശ്വാസംമുട്ട് വരാറുള്ളതിനാല്‍ കോവിഡ് ആണെന്ന് വീട്ടുകാര്‍ കരുതിയില്ല.
കഴിഞ്ഞ ദിവസം ശ്വാസംമുട്ട് കൂടിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ന്യുമോണിയ ആണെന്ന് കരുതി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളേജിലെ പ്രാഥമിക പരിശോധനയിലും കോവിഡ് തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കോവിഡാണെന്ന് തിരിച്ചറിഞ്ഞത്. മെഡിക്കല്‍ കോളേജ് ഐ.സിയുവില്‍ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്.
കോവിഡ് പ്രോട്ടോകാള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ഇതേതുടര്‍ന്ന് ഒരു കുടുംബത്തിലെ 11 പേരെ നിരീക്ഷണത്തിലാക്കി. ഇവര്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. പാറയില്‍ വാര്‍ഡില്‍തന്നെ ഈ സംഭവവുമായി ബന്ധമില്ലാത്ത 3 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അവരും നിരീക്ഷണത്തിലാണ്. കൂടാതെ, കുരയ്ക്കണ്ണി വാര്‍ഡില്‍ സെന്റിനല്‍ സര്‍വെയുടെ ഭാഗമായി 50 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ഇതില്‍ 2 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വീട്ടില്‍തന്നെയുള്ള 18ഉം 64ഉം വയസ്സുള്ള സ്ത്രീകളാണ് ഇവര്‍. ഇവരും മരണം നടന്ന വീട്ടുകാരുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നവരാണ്.
തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന സാഹചര്യത്തില്‍ പൊതുയോഗം, റാലി എന്നിവ നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. വര്‍ക്കല മുനിസിപ്പാലിറ്റി മുഴുവന്‍ ഈ നിബന്ധന ബാധകമാണ്. പൊതുയോഗം, റാലി തുടങ്ങിയ നടത്താന്‍ അനുമതി തേടുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുമെന്ന ഉറപ്പ് എഴുതി നല്‍കുകയും വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.