Breaking News

നിയമസഭ തെരഞ്ഞെടുപ്പ്; പലയിടത്തും സംഘര്‍ഷം

ശോഭാ സുരേന്ദ്രന്‍

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ പലയിടത്തും സംഘര്‍ഷം. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇതേതുടര്‍ന്ന്, എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇടുക്കി നെടുങ്കണ്ടത്തും സംഘര്‍ഷമുണ്ടായി. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി. മറ്റൊരു വാഹനം തകര്‍ത്തു.
ആന്തൂരില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി.അബ്ദുള്‍ റഷീദ് പരാതിപ്പെട്ടു. പോളിങ് ഉദ്യോഗസ്ഥര്‍ പക്ഷപാതമായി പെരുമാറുന്നുവെന്നും വോട്ടര്‍മാരെ തിരിച്ചറിയാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഇത് ചോദ്യം ചെയ്തപ്പോഴാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ കൈയേറ്റം ശ്രമിച്ചെന്നും വി.പി.അബ്ദുള്‍ റഷീദ് പറഞ്ഞു.
രാവിലെ തന്നെ ബൂത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചു. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നാണ് ധര്‍മജന്റെ ആരോപണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *