Breaking News

കാര്‍ പാര്‍ക്കിങ്ങിനെ ചൊല്ലി മര്‍ദ്ദനം, കാര്‍ കത്തിക്കല്‍; രണ്ടുപേര്‍ അറസ്റ്റില്‍

മലയിന്‍കീഴ്: തിരുവനന്തപുരം മലയിന്‍കീഴില്‍ സംഘം ചേര്‍ന്ന് കാര്‍ കത്തിക്കുകയും കാര്‍ ഉടമസ്ഥനെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ പെരുകാവ് കൊല്ലാക്കര അനിതാ ഭവനില്‍ കിച്ചു എന്നുവിളിക്കുന്ന അരവിന്ദ്.ജി.നായര്‍(26), വിളവൂര്‍ക്കല്‍ പേയാട് ആലന്തറക്കോണം പത്മാലയത്തില്‍ കുട്ടു എന്നുവിളിക്കുന്ന വിഷ്ണു മോഹന്‍(26) എന്നിവരെയാണ് മലയില്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

കാര്‍ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിലും കാര്‍ കത്തിക്കലിലും എത്തിയത്. മലയിന്‍കീഴ് പൊറ്റകാവിന്‍പുറത്ത് വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഓഫീസിനു സമീപം ലേഖ നിവാസില്‍ മഹേഷിന്റെ കാറാണ് പ്രതികള്‍ അഗ്നിക്കിരയാക്കിയത്. മഹേഷും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ഈ വീടിന്റെ മുകളിലത്തെ നിലയില്‍ തന്നെയാണ് പ്രതികളും വാടകയ്ക്ക് താമസിക്കുന്നത്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. മഹേഷിന്റെ വീട്ടിലെത്തിയ ബന്ധുക്കള്‍ അവരുടെ വാഹനം മഹേഷ് താമസിക്കുന്ന വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു. ഈ സമയം മറ്റൊരു വാഹനത്തില്‍ വന്ന അരവിന്ദ് കാര്‍ മാറ്റിയിടാന്‍ പറഞ്ഞുകൊണ്ട് മഹേഷിനെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം മഹേഷ് കുമാര്‍ കാര്‍ മാറ്റിയിടാനൊരുങ്ങിയപ്പോള്‍ അരവിന്ദ് പ്രകോപിതനായി മര്‍ദ്ദികയായിരുന്നു. തുടര്‍ന്ന് മഹേഷ് മലയിന്‍കീഴ് പോലീസില്‍ പരാതി നല്‍കി. അതിന് ശേഷമാണ് അരവിന്ദും കൂട്ടരും കാര്‍ അടിച്ചു തകര്‍ക്കുകയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തത്.

വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകളുടെ ദേഹത്തേക്കും പ്രതികള്‍ പെട്രോള്‍ കുപ്പി വലിച്ചെറിഞ്ഞ ശേഷം രണ്ട് തവണ തീപ്പെട്ടി കത്തിച്ചെറിയുകയും ചെയ്തു. കാട്ടാക്കട ഡി.വൈ.എസ്.പി എന്‍.ഷിബുവിന്റെ നേതൃത്വത്തില്‍ മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷിബു.ടി.വി, സബ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍.പി.ആര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *