

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ റഡാര്‍ എത്തിച്ച് സൈന്യം; പുഴയിലും കരയിലും തെരച്ചില്‍ നടത്തും. വളരെ ആഴത്തിലും ദൂരത്തിലും സിഗ്നല്‍ കണ്ടെത്താന്‍ ശേഷിയുള്ള റഡാറാണ് അര്‍ജുനെ കണ്ടെത്താന്‍ സൈന്യം എത്തിച്ചിട്ടുള്ളത്. അര്‍ജുന്റെ ലോറി റോഡിന് അരികെ നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. വാഹനം കരയിലുണ്ടോയെന്ന് റഡാര്‍ പരിശോധനയിലൂടെ ഉറപ്പിക്കും. കരയില്‍ വാഹമില്ലെന്ന് ഉറപ്പായാല്‍ റഡാര്‍ ഉപയോഗിച്ച് പുഴയില്‍ പരിസോധന നടത്തും.


രാവിലെ മുതല്‍ പുഴയില്‍ സ്‌കൂബ ഡൈവേഴ്‌സ് തെരച്ചില്‍ നടത്തുന്നുണ്ട്. മണ്ണിടിച്ചില്‍ നടന്നതിന് സമീപത്തുള്ള ഗംഗാവലി പുഴയിലാണ് സ്‌കൂബ ഡൈവേഴ്‌സ് പരിശോധന നടത്തുന്നത്. പുഴയില്‍ മണ്‍കൂനയുള്ള സ്ഥലത്താണ് പരിശോധന. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്ക്ക് ഏഴുദിവസം പിന്നിടുന്നു. അര്‍ജുന്റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന. അര്‍ജുനെ കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരുമെന്ന് എം.കെ.രാഘവന്‍ എം.പി വ്യക്തമാക്കി.


അതേസമയം അര്‍ജുന്റെ വാഹനം പുഴയിലാകാമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. വാഹനം കരയിലുണ്ടാകാന്‍ 99 ശതമാനവും സാധ്യതയില്ലെന്നും അവ്യക്തമായ ചില സിഗ്‌നല്‍ ലഭിച്ചിട്ടുണ്ടെങ്കിലും അതെന്താണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. മണ്ണിടിച്ചിലിന് 10 മിനിറ്റ് മുമ്പുള്ള കരയുടെ ദൃശ്യങ്ങളുടെ ചിത്രം ഇന്ന് ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നദിക്കരയില്‍ ആ സമയത്ത് ഏതൊക്കെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുവെന്ന് ഈ ചിത്രങ്ങളില്‍ നിന്ന് അറിയാന്‍ സാധിക്കും. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം ലോറി കടന്ന് പോയിട്ടില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

