Breaking News

ആര്‍മി റിക്രൂട്ട്മെന്റ് റാലി: ഒരുക്കങ്ങള്‍ പൂര്‍ണം; സജ്ജമായി ജില്ലാ ഭരണകൂടം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഫെബ്രുവരി 26 മുതല്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാകും റിക്രൂട്ട്മെന്റ് റാലി നടക്കുക. റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ താമസ, യാത്രാ സൗകര്യങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 26 മുതല്‍ മുതല്‍ മാര്‍ച്ച് 12 വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് റിക്രൂട്ട്മെന്റ് റാലി. സംസ്ഥാനത്തെ 14 ജില്ലകളിലുള്ളവര്‍ക്കും ഇതേ കേന്ദ്രത്തിലാണ് റിക്രൂട്ട്മെന്റ് നടക്കുക. ഓരോ ജില്ലക്കാര്‍ക്കും പ്രത്യേകം തീയതികള്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും റാലി നടക്കുന്ന പരിസരങ്ങളിലേക്ക് ഉദ്യോഗാര്‍ഥിയെ മാത്രമേ പ്രവേശിപ്പിക്കൂയെന്നും കളക്ടര്‍ പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് എത്തുന്നതിനായി പ്രത്യേക കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ സ്റ്റേഡിയത്തിനു മൂന്നു കിലോമീറ്റര്‍ അകലെ പാര്‍ക്കിങ്ങിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത ശേഷം കെ.എസ്.ആര്‍.ടി.സി. ബസുകളിലോ കാല്‍നടയായോ സ്റ്റേഡിയത്തിലേക്ക് എത്തണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഫേസ്മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഓരോ ഉദ്യോഗാര്‍ഥിക്കും നിര്‍ബന്ധമാണെന്നും കളക്ടര്‍ പറഞ്ഞു.
ഓരോ ദിവസവും 5,000 മുതല്‍ 7,000 വരെ ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കുമെന്നാണു കരുതുന്നതെന്ന് റാലിക്കായി ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫിസറും ജില്ലാ ഡെവലപ്മെന്റ് കമ്മിഷണറുമായ ഡോ. വിനയ് ഗോയല്‍ പറഞ്ഞു. ഇതു മുന്നില്‍ക്കണ്ടുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നു വൈകിട്ടു മുതല്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി കാര്യവട്ടത്തും പരിസര പ്രദേശങ്ങളിലും 300 പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക ഡ്യൂട്ടിയില്‍ നിയോഗിക്കും. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കും. ആംബുലന്‍സ്, സ്ട്രെച്ചര്‍ തുടങ്ങിയ സൗകര്യങ്ങളോടെയാകും സംഘം പ്രവര്‍ത്തിക്കുക.
റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കു വിശ്രമിക്കുന്നതിനായി 13 സ്‌കൂളുകള്‍ ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ട്. കാര്യവട്ടം ഗവ.യു.പി.സ്‌കൂള്‍, ചെങ്കോട്ടുകോണം ഗവ. എല്‍.പി.സ്‌കൂള്‍, ശ്രീകാര്യം ഗവ.ഹൈസ്‌കൂള്‍, മനക്കല്‍ ഗവ.എല്‍.പി. സ്‌കൂള്‍, കുളത്തൂര്‍ ജി.ആര്‍.എല്‍.പി.സ്‌കൂള്‍, കുളത്തൂര്‍ ജി.എസ്.എസ്.എല്‍.പി.സ്‌കൂള്‍, കുളത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആറ്റിന്‍കുഴി എല്‍.പി.സ്‌കൂള്‍, ചന്തവിള ഗവ.യു.പി. സ്‌കൂള്‍, സെന്റ ആന്റണീസ് എല്‍.പി.സ്‌കൂള്‍, ആലുമ്മൂട് എല്‍.പി.സ്‌കൂള്‍, കണിയാപുരം എം.ജി.എച്ച്.എസ് എന്നീ സ്‌കൂളുകളിലാണ് വിശ്രമ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക ബസുകളുമുണ്ടാകും. പുലര്‍ച്ചെ നാലു മുതല്‍ വിദ്യാര്‍ഥികളെ സ്റ്റേഡിയത്തിലേക്കു കൊണ്ടുപോകുന്നത് ഈ ബസുകളിലാകും. ഉദ്യോഗാര്‍ഥികളുടെ ആവശ്യത്തിനായി തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൊബൈല്‍ ടോയ്ലറ്റുകള്‍, കുടിവെള്ള സംവിധാനം, കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *