
ആലപ്പുഴ: കായംകുളം യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ പരിഹസിച്ച് ഇടത് എം.പി. എ.എം.ആരിഫാണ് തെരഞ്ഞെടുപ്പ് പാല് സൊസൈറ്റിയിലേക്കല്ല, കേരള നിയമസഭയിലേക്കാണെന്ന പരിഹാസവുമായി രംഗത്തെത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രതിഭയുടെ പ്രചരണാര്‍ഥം കായംകുളത്ത് സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു ആരിഫിന്റെ പരാമര്‍ശം.
സ്ഥാനാര്‍ഥിയുടെ പ്രാരാബ്ധമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയത്. പ്രാരാബ്ധം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തെരഞ്ഞെടുപ്പെന്നും ആരിഫ് പരിപാടിയില്‍ ചോദിച്ചു. എന്നാല്‍, ആരിഫ് എം.പിയുടെ വിവാദ പരാമര്‍ശം രാഷ്ട്രീയ ആയുധമായി മാറ്റുകയാണ് കായംകുളത്തെ യു.ഡി.എഫ്. ആരിഫിന്റെ വിവാദ പരാമര്‍ശം സോഷ്യല്‍ മീഡിയകളിലൂടെ യു.ഡി.എഫ് പ്രചരിപ്പിക്കുന്നുണ്ട്.
ആരിഫിന്റെ പരിഹാസം അരിതയ്ക്ക് സഹതാപത്തിന്റെ വോട്ടുകള്‍ സമ്മാനിക്കുമോയെന്ന ആശങ്കയിലാണ് മണ്ഡലത്തിലെ സി.പി.എം നേതൃത്വം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ മത്സരിച്ച രമ്യ ഹരിദാസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് നടത്തിയ മോശം പരാമര്‍ശം കാരണം രമ്യ ഹരിദാസിന് സഹതാപ വോട്ടുകള്‍ ലഭിച്ചുവെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.