

ആറ്റിങ്ങൽ : മലയാളി എഴുത്തുകാരന് അറബ് ലിറ്ററേച്ചര്‍ ഫോറത്തിന്റെ അഭിനന്ദനം. ബഹുഭാഷ എഴുത്തുകാരനായ
ആറ്റിങ്ങല്‍ സ്വദേശി ഷാജില്‍ അന്ത്രുവിനെയാണ് സ്വീഡന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ യൂണിയന് ഓഫ് അറബ് ഇന്റലക്ച്വല്‍സ് അഭിനന്ദിച്ചത്. മികവുറ്റ വൈദഗ്ധ്യത്തിലൂടെയും അറിവിലൂടെയും സമൂഹത്തിന് അദ്ദേഹം നല്കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു അറബ് സാഹിത്യ ലോകത്തിന്റെ അഭിനന്ദനം.

ഷാജില്‍ അന്ത്രു തന്റെ പ്രതിബദ്ധതയിലൂടെയും സാഹിത്യത്തോടുള്ള അഭിനിവേശത്തിലൂടെയും മെറ്റാ മോഡേണിസ്റ്റിക്ക് യുഗത്തിന് ശേഷം ഉയര്‍ന്നു വരുന്ന കാലഘട്ടത്തെ സീറോയിസം എന്ന വാക്കില്‍ നിര്‍വചിച്ചു. സാംസ്കാരിക-രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ-കലാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന നിര്‍വചനമാണ് സീറോയിസം.

ഫിഷ്ബോണ്‍ കവിത എന്ന ഒരു പുതിയ കാവ്യരൂപം തന്നെ ഷാജില്‍ അന്ത്രു ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. അതിനാല്‍ തന്നെ ഈ ദശാബ്ദത്തിലെ മികച്ച പ്രതിഭയായി ഷാജില്‍ അന്ത്രു വേറിട്ട് നില്ക്കുന്നു. സാഹിത്യത്തോടും കലകളോടുമുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അതിരുകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോയി ലോകത്തെ ഒന്നിപ്പിക്കാനുള്ള പ്രയത്നങ്ങള്‍ അദ്ദേഹം നടത്തി.

ഷാജില്‍ അന്ത്രുവിന്റെ പ്രതിഭാ വിലാസത്തില്‍ ഏറ്റവും ചെറിയ കഥയെഴുതിയാ സാഹിത്യകാരന് എന്ന സാക്ഷാല്‍ ഏണസ്റ്റ് ഹെമിംഗ്വേയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ആറ് വാക്കുകളില്‍ എഴുതിയ ഏണസ്റ്റ് ഹെമിംഗ്വേയുടെ ഏറ്റവും ചെറിയ കഥയെ മറികടക്കുന്നതാണ് ഷാജില്‍ അന്ത്രുവിന്റെ ഒറ്റവാക്കിലെ കഥ ലോകത്തിലെ ഏറ്റവും ചെറിയ കഥ.

സീറോയിസത്തിന്റെ തത്ത്വചിന്തയെക്കുറിച്ചും ഏറ്റവും ചെറിയ കഥയില്‍ നിന്ന് സീറോയിസത്തിലേക്കുള്ള യാത്രയെക്കുറിച്ചും ‘അണ്‍വെയിലിംഗ് ദ ന്യൂ വേള്‍ഡ്’ എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു. അമേരിക്കന്‍ സാഹിത്യകാരനായ ജാക്ക് ഫോളി, ഷാജില്‍ അന്ത്രുവിനെ വിശ്വസാഹിത്യകാരനായ ഷെല്ലിയുമായാണ് താരതമ്യം ചെയ്തിരിക്കുന്നത്.
ലോകമെമ്പാടുമുള്ള എഴുത്തുകാര്‍ക്കായി ലിറ്ററേച്ചര്‍ റീ ഡിഫൈനിംഗ് വേള്‍ഡ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിലും ഷാജില്‍ അന്ത്രു പ്രധാന പങ്കുവഹിച്ചു. മലയാളം ചെറുകഥാ സമാഹാരം രക്ഷകന്റെ വരവ്, മലയാളം നോവല്‍ ഉത്തരം, മലയാളം കവിതാ സമാഹാരം സ്വപ്നങ്ങളിലെ പക്ഷി, ഇംഗ്ലീഷ് കഥാ സമാഹാരം ഓവര്‍ എ കപ് ഓഫ് ടീ, രണ്ട് പ്രണയ കഥകള്‍ ചേര്‍ന്ന ഈ….ചു, ഇംഗ്ലീഷ് ഉപന്യാസ സാഹിത്യമായ റീ ഡിഫൈനിംഗ് ലിറ്ററേച്ചര്‍ തുടങ്ങി നിരവധി സാഹിത്യ സൃഷ്ടികളുടെ രചയിതാവാണ് ഷാജില്‍ അന്ത്രു.