

ചിറയിന്‍കീഴ്: ചിറയിന്‍കീഴില്‍ വൃദ്ധ ദമ്പതികളെ വീടാക്രമിച്ച് വെട്ടി പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശികളായ മണിയന്‍ എന്ന് വളിക്കുന്ന ശൈലേന്ദ്ര കുമാര്‍, പുത്തു എന്ന് വിളിക്കുന്ന വൈശാഖ് എന്നിവര്‍ക്കെതിരെയാണ് ചിറയിന്‍കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചിറയിന്‍കീഴ് ശാര്‍ക്കര വലിയകട കല്ലുവിള വീട്ടില്‍ രമേശന്‍(70), ഭാര്യ രാധ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വൃദ്ധ ദമ്പതികള്‍ പശുവിനെ വളര്‍ത്തി ഉപജീവനം നടത്തുന്നവരാണ്. ഇതിന്റെ പേരിലുള്ള വാക്കുതര്‍ക്കവും വിരോധവുമാണ് പ്രതികള്‍ തങ്ങളെ വീട്ടില്‍ കയറി ആക്രമിക്കാനുള്ള കാരണമെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ മാരകായുധം ഉപയോഗിച്ച് വൃദ്ധ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മൂര്‍ച്ചയുള്ള ഇരുമ്പ് ആയുധം ഉപയോഗിച്ചുള്ള വെട്ടുകൊണ്ട് രമേശന്റെ മൂക്കിന്റെ എല്ലിന് പൊട്ടലും മുറിവും സംഭവിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രമേശനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നേരത്തെ ഇവര്‍ വൃദ്ധ ദമ്പതികളുടെ വീട്ടിലെത്തി പ്രശ്‌നം ഉണ്ടായിരുന്നു. ആ വിവരം പോലിസില്‍ അറിയിക്കുകയും പോലീസ് വൃദ്ധ ദമ്പതികളുടെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പ്രതികള്‍ രാത്രി പത്തരയോടെ വീട്ടിലെത്തി ഇവര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഐ.പി.സി 447, 323, 324, 326, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ചിറയിന്‍കീഴ് പോലീസ് നല്‍കുന്ന വിവരം. വൃദ്ധ ദമ്പതികളുടെ മക്കളെല്ലാം വിദേശത്താണ്. ഇവര്‍ എംബസി വഴി പരാതി നല്‍കുമെന്നും സൂചനകളുണ്ട്.
