Breaking News

ബി.ജെ.പി വന്‍ വിജയം നേടുമെന്ന് അമിത് ഷാ; പ്രജ്ജ്വല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ഹൃദയഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തര്‍പ്രദേശിലും മധ്യപ്രദേശ്, അസം, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും ബി.ജെ.പിയും എന്‍.ഡി.എയയും വന്‍ വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യയില്‍ കേരളത്തിലടക്കം പോളിങ് കഴിഞ്ഞ സ്ഥലങ്ങളിലെ ട്രെന്‍ഡും ബി.ജെ.പിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. അമേഠിയില്‍ മത്സരിക്കാനുള്ള ധൈര്യം കോണ്‍ഗ്രസിനില്ലെന്നും അമിത് ഷാ പരിഹസിച്ചു.

അതേസമയം, ഇത്തവണയും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ സംവരണം നിര്‍ത്തുമെന്ന രീതിയില്‍ കോണ്‍ഗ്രസ് വ്യാജപ്രചരണം നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു. കോണ്‍ഗ്രസിനെ പോലെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനല്ല, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ബി.ജെ.പി അധികാരം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തെറ്റായ പ്രചാരണം നിര്‍ത്തണം. ബി.ജെ.പി സംവരണം നിര്‍ത്തുമെന്നത് തെറ്റായ പ്രചാരണമാണ്. വ്യാജ വീഡിയോ അടക്കം പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ സത്യം അറിയണം. വ്യാജ വീഡിയോ പ്രചരിപ്പിച്ചും, ബിജെപി പ്രകടന പത്രികയെ വളച്ചൊടിച്ചും പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നില്‍ രാഹുല്‍ ഗാന്ധിയാണെന്നും അമിത് ഷാ ആരോപിച്ചു. ഏപ്രില്‍ 23 ന് തെലങ്കാന ചെവല്ല കെ.വി.ആര്‍ ഗ്രൗണ്ടില്‍ നടത്തിയ പ്രസംഗത്തില്‍ മുസ്ലീം സംവരണം നിര്‍ത്തും എന്ന് രാഹുല്‍ ഗാന്ധി പറയുന്ന യഥാര്‍ത്ഥ വീഡിയോ അദ്ദേഹം പുറത്തുവിട്ടു. ഇതോടൊപ്പം വ്യാജ വീഡിയോയും വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. പ്രജ്ജ്വലുമായി ബന്ധപ്പെട്ട വീഡിയോ വിവാദം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പറഞ്ഞ അമിത് ഷാ സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അതില്‍ ഒരു സംശയവുമില്ലെന്നും പറഞ്ഞു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഈ സംഭവത്തില്‍ നേരത്തെ നടപടി എടുക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *