Breaking News

ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം; ആറ്റിങ്ങൽ നഗരസഭ ചെയർമാനെ ഡോക്ടർമാർ ബഹിഷ്കരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആറ്റിങ്ങൽ നഗരസഭ ചെയർമാനെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർമാർ ബഹിഷ്കരിച്ചു.

വ്യാഴാഴ്ച താലൂക്ക് ആശുപത്രിയിൽ നടന്ന മെയിൽ വാർഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ നഗരസഭ ചെയർമാനെതിരെയായിരുന്നു ബഹിഷ്കരണ നടപടി. ആശുപത്രിയിലെ ഒരു ഡോക്ടറോട് ചെയർമാൻ മര്യാദയില്ലാതെ പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് ഡോക്ടർമാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കെജിഎംഒഎ അറിയിച്ചു.

ആരോഗ്യപ്രവർത്തകരുടെ ആത്മാഭിമാനത്തെയും ഔദ്യോഗിക കർത്തവ്യനിർവഹണത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതവും പരസ്പര ബഹുമാനം ഉറപ്പാക്കുന്നതുമായ തൊഴിൽസാഹചര്യം സൃഷ്ടിക്കേണ്ടത് ജനപ്രതിനിധികളുടെയും ഭരണാധികാരികളുടെയും ഉത്തരവാദിത്തമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

ആരോഗ്യരംഗത്ത് സേവനം ചെയ്യുന്നവരോട് അപമര്യാദയായി പെരുമാറുന്ന പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് തുടരുമെന്നും, ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കെജിഎംഒഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ ഇടപെടൽ വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ തന്നെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് നഗരസഭ ചെയർമാനും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഇരുവിഭാഗവും പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *