
ന്യൂഡല്‍ഹി: കാര്‍ഷിക നിയമം നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് സുപ്രീംകോടതി. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് നടക്കുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയിലും കോടതി അതൃപ്തിയറിയിച്ചു.
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതു മാറ്റിവച്ചില്ലെങ്കില്‍ കോടതി അത് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ മുന്നറിയിപ്പ് നല്കി. കര്‍ഷകരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന സര്‍ക്കാര്‍ നിലപാടില്‍ എന്ത് ചര്‍ച്ചയാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. കാര്‍ഷിക നിയമത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും അവരുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിയമങ്ങള്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ക്കതു ചെയ്യേണ്ടിവരുമെന്നുമാണ് കോടതി സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയത്.
കര്‍ഷക സമരത്തിന്റെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ മരിച്ചുവീഴുന്നു. ഈ സാഹചര്യത്തില്‍ നിയമം നടപ്പിലാക്കുന്നതു നീട്ടിവയ്ക്കുന്നതില്‍ എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു. കഴിഞ്ഞ തവണ വാദം കേള്‍ക്കുമ്പോഴും ഇക്കാര്യം കോടതി ചോദിച്ചിരുന്നു, എന്നാല്‍ സര്‍ക്കാര്‍ അതിനു മറുപടി നല്‍കിയില്ലെന്നും കോടതി അറിയിച്ചു.
അതേസമയം, അധികാര പരിധി കടന്നുകൊണ്ട് ഏതെങ്കിലും ഒരു നിയമനിര്‍മാണ സഭ ഒരു നിയമം ഉണ്ടാക്കിയാല്‍, പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന നിയമങ്ങള്‍, ഭരണഘടനയുടെ മറ്റു വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിട്ടുള്ള നിയമം എന്നിങ്ങനെ കോടതിക്ക് നിയമം സ്റ്റേ ചെയ്യാനാകുന്ന സാഹചര്യങ്ങളൊന്നും ഇവിടെയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ നിയമങ്ങള്‍ സ്റ്റേ ചെയ്ത ചരിത്രം കോടതിക്കുണ്ടെന്ന് പറഞ്ഞ കോടതി മഹാരാഷ്ട്രയിലെ മറാത്ത സംവരണം സ്റ്റേ ചെയ്തത് ഉദാഹരണമായി ചൂണ്ടിക്കാട്ടി. നിയമം സ്റ്റേ ചെയ്യുന്നതും നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതി അറിയിച്ചു.
നിയമം സ്റ്റേ ചെയ്യുകയാണെങ്കില്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ ഉത്തരവിടണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമധാനപരമായി നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഉത്തരവിടുക സാധ്യമല്ലെന്നും എല്ലാം ഒരുത്തരവിലൂടെ നടപ്പാക്കാനാകില്ലെന്നും കോടതി അറിയിച്ചു. അതേസമയം റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നത് കര്‍ഷകര്‍ ഒഴിവാക്കുമെന്ന് കര്‍ഷകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു.
കര്‍ഷകരുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ സുപ്രീം കോടതിയുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കോടതിയല്ല കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും പാര്‍ലമെന്റില്‍ നിയമം മരവിപ്പിക്കണമെന്നും കര്‍ഷകര്‍ അറിയിച്ചിരുന്നു.