Breaking News

അമ്മയ്‌ക്കെതിരായ പോക്‌സോ കേസ്: മകന്റെ മൊഴിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: കടയ്ക്കാവൂരില്‍ അമ്മയ്‌ക്കെതിരായ പോക്‌സോ കേസില്‍ മകന്റെ മൊഴിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈകോടതിയില്‍. മകനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ അമ്മയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ടായിരുന്നു പ്രോസിക്യൂഷന്‍ വാദം. അമ്മയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കുടുംബ പ്രശ്‌നം എന്നുപറഞ്ഞ് കേസ് അവഗണിക്കാനാവില്ലെന്നും മകന്റെ മൊഴിയില്‍ കഴമ്പുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
അമ്മയുടെ ഫോണില്‍നിന്ന് ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ചില മരുന്നുകള്‍ നല്‍കിയിരുന്നെന്ന കുട്ടിയുടെ മൊഴി പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര പോക്‌സോ കോടതി അമ്മയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് അവര്‍ ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നാല് കുട്ടികളുടെ മാതാവായ തന്നെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും തന്നില്‍നിന്ന് വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു.
ജീവനാംശവും കുഞ്ഞുങ്ങളുടെ ചെലവിനുള്ള പണവും ആവശ്യപ്പെട്ട് താന്‍ ഭര്‍ത്താവിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോള്‍ തന്റെ പേരില്‍ ഇത്തരമൊരു ആരോപണത്തില്‍ കേസ് നല്‍കിയിരിക്കുന്നതെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. താന്‍ ഭര്‍ത്താവിനെതിരെ നല്‍കിയ കേസ് നിലനില്‍ക്കുന്നതായും മക്കളുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുകയാണെന്നും കൗണ്‍സിലറായ രണ്ടാം ഭാര്യ ബ്രെയിന്‍വാഷ് ചെയ്താണ് കുട്ടിയെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചിരിക്കുന്നത് എന്നു സംശയിക്കുന്നതായും ഇവര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം, കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ പ്രോസിക്യൂഷനു നിര്‍ദേശം നല്‍കിയിരുന്നു. കേസ് ഡയറി കൂടി പരിശോധിച്ച ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *