

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി 9 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. വര്‍ക്കല വെട്ടൂര്‍ റാത്തിക്കല്‍ തൈത്തോട്ടം വീട്ടില്‍ അസി(45)മാണ് അറസ്റ്റിലായത്. 2015ലായിരുന്നു സംഭവം നടന്നത്. ആറ്റിങ്ങല്‍ പൂവന്‍പാറ എന്‍.എച്ച് റോഡില്‍ അമിതവേഗത്തില്‍ വന്ന് മോട്ടോര്‍ സൈക്കിളിലും ആട്ടോറിക്ഷയിലും ഇടിച്ച് കുറ്റകരമായ നരഹത്യ നടത്തിയ കേസില്‍ പ്രതിയാണ് അസിം. രണ്ട് പേരുടെ മരണത്തിനിരയാക്കിയ സംഭവത്തിനു ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി തിരിച്ചെത്തി സ്വന്തം നാടായ വര്‍ക്കല വെട്ടൂരില്‍ നിന്നും താമസം മാറി കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ താമസിച്ചു വരവെയാണ് പോലീസിന്റെ പിടിയിലായത്. ആറ്റിങ്ങല്‍ ഐ.എസ്.എച്ച്.ഒ ഗോപകുമാര്‍.ജി യുടെ നേതൃത്വത്തില്‍ എസ്.ഐമാരായ സജിത്ത്.എസ്, എ.എസ്.ഐമാരായ രാധാകൃഷ്ണന്‍, ഉണ്ണിരാജ്, സി.പി.ഒ നിധിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.






