

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ കൊലപാതക കേസ് പ്രതി അറസ്റ്റില്‍. വക്കം സ്വദേശി അപ്പു എന്ന് വിളിക്കുന്ന ശ്രീജിത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതി തോന്നയ്ക്കല്‍ തച്ചപ്പള്ളി മഞ്ഞമല സര്‍വീസ് സഹകരണ ബാങ്കിന് സമീപം റോഷ്‌നിയില്‍ പ്രകാശന്റെ മകന്‍ നിപിന്‍(30) ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 16 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ആഗസ്റ്റ് 16 ന് രാത്രിയാണ് ശ്രീജിത്തിനെ മര്‍ദ്ദനമേറ്റ് അവശനിലയില്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ ശ്രീജിത്ത് മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വിനീത് കുര്യന്‍ എന്ന ഗുണ്ടാ നേതാവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ശ്രീജിത്തിനെ ആറ്റിങ്ങല്‍ ഊരൂപൊയ്കയില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കേസില്‍ മറ്റ് പ്രതികളെ ആറ്റിങ്ങല്‍ പോലീസ് നേരത്തെ പിടികൂടിയിരുന്നു. കേരളത്തിന് അകത്തും പുറത്തുമായി അഞ്ചാം പ്രതി നിപിന്‍ സെപ്തംബര്‍ 12 ന് കിളിമാനൂരില്‍നിന്നും ആറ്റിങ്ങലിലേക്ക് വരവേയാണ് പോലീസിന്റെ പിടിയിലായത്.

പ്രതി പ്രൈവറ്റ് ബസില്‍ ആറ്റിങ്ങല്‍ ഭാഗത്തേക്ക് വരുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ജയകുമാര്‍, എസ്.എച്ച്.ഒ മുരളീകൃഷ്ണന്‍, ആറ്റിങ്ങല്‍ എസ്.ഐമാരായ അഭിലാഷ്, മനു, എ.എസ്.ഐ രാജീവന്‍, സി.പി.ഒമാരായ റിയാസ്, പ്രശാന്ത കുമാരന്‍ നായര്‍, ദിനു പ്രകാശ് എന്നിവരടങ്ങിയ പോലീസ് സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍, മംഗലപുരം, പോത്തന്‍കോട് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് നിപിന്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
