Breaking News

പരിസ്ഥിതി ദിനാഘോഷം കഴിഞ്ഞ് മടങ്ങുംവഴി അപകടം; വർക്കലയിൽ രണ്ട് ഹരിതകർമ്മ സേനാംഗങ്ങൾക്ക് പരിക്ക്

വർക്കല: പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വർക്കല നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന സ്കൂട്ടി അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്കേറ്റു. വർക്കല നഗരസഭ ഹരിതകർമ്മ സേന അംഗങ്ങളായ തച്ചൻകോണം സ്വദേശിനി അഭിത്രയും കോട്ടുംമൂല സ്വദേശിനി റംസീനയുമാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ 10.15 ഓടെ കുരയ്ക്കണ്ണി എൽ.പി. സ്കൂൾ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. പൂനെ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും ഹരിതകർമ്മ സേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിൽ അഭിത്രയ്ക്ക് തലയ്ക്കും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റു. ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റംസീനയ്ക്ക് കൈയ്ക്ക് പൊട്ടലടക്കമുള്ള പരിക്കേറ്റതിനെ തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

അപകടവിവരം അറിഞ്ഞതിനെ തുടർന്ന് വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രസന്നൻ, നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ആരോഗ്യനില അന്വേഷിച്ചു.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *