
കണ്ണൂര്‍: ജോസ്.കെ.മാണിയുടെ ലൗ ജിഹാദ് പരാമര്‍ശത്തെ കുറിച്ച് അറിയില്ലന്നും ജോസ്.കെ.മാണി അങ്ങനെ പറഞ്ഞതായി താന്‍ കേട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കാര്യത്തെ കുറിച്ച് ജോസ്.കെ.മാണിയോടുതന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണത്തെ കുറിച്ചും അദ്ദേഹം മറുപടി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണം രാജ്യത്തെ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമല്ലേ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരു കേന്ദ്ര ഏജന്‍സി പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരമാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. ചില ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതിന് തെളിവുകള്‍ അടക്കം വരികയാണ്. ഈ തെളിവുകളോട കാര്യങ്ങള്‍ വന്നിട്ടും ഒരു നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് അതിനെതിരെ ഒരു പ്രതികരണവും ഉണ്ടാകുന്നില്ലെന്നു വന്നാല്‍ എത്രമാത്രം അപഹാസ്യം ആകുമത്-മുഖ്യമന്ത്രി ആരാഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ തെറ്റായ ഇടപെടലാണ് കേന്ദ്ര ഏജന്‍സിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമസഭ സ്പീക്കറെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്നും ആരോപിച്ചു. ലൈഫ് മിഷനിലെ കേന്ദ്ര ഏജന്‍സിയുടെ കൈകടത്തല്‍ പ്രിവലേജ് കമ്മിറ്റി ഏറ്റെടുത്തു. അതിന് പ്രിവിലേജ് കമ്മിറ്റിക്ക് അവകാശമുണ്ട്. പക്ഷേ, അതിന് പിന്നില്‍ സ്പീക്കറാണെന്ന ധാരണയിലാണ് അദ്ദേഹത്തിനെ പാഠം പഠിപ്പിക്കാന്‍ ഇല്ലാക്കഥകള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രശ്‌നമാകില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് തെളിഞ്ഞതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.