

വര്‍ക്കല: വര്‍ക്കലയില്‍ ഓണാഘോഷ പരിപാടിക്കിടെ യുവാവിനും സഹോദരിക്കും മര്‍ദ്ദനം. സംഭവത്തില്‍ രണ്ട് പേരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. ചെറുന്നിയൂര്‍ വടശ്ശേരിക്കോണം അംബേദ്കര്‍ കോളനിയില്‍ പാലവിള വീട്ടില്‍ നകുലന്റെ മകന്‍ ശ്യാനേഷ്(38), ചെറുന്നിയൂര്‍ വടശ്ശേരിക്കോണം അംബേദ്കര്‍ കോളനിയില്‍ സൗമ്യ ഭവനില്‍ ലാലുവിന്റെ മകന്‍ അപ്പൂസ് എന്ന ലിബിന്‍(32) എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് പ്രതികളുള്ള കേസില്‍ പ്രതിപ്പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ള രണ്ട് പേരാണ് അറസ്റ്റിലായത്. ചെറുന്നിയൂര്‍ അംബേദ്കര്‍ കോളനി പുത്തന്‍വിള വീട്ടില്‍ ഷിബു(44) സഹോദരി സിന്ധു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.




ഇക്കഴിഞ്ഞ 16-ാം തീയതി രാത്രി പത്തരയോടെ ആയിരുന്നു സംഭവം. അംബേദ്കര്‍ കോളനിയില്‍ ഓണപ്പരിപാടിയ്ക്കായുള്ള സ്റ്റേജിനടുത്തുവച്ച് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ പ്രതികള്‍ ഷിബുവിന് നേരെ ആക്രമണം നടത്തുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഷിബുവ്‌ന്റെ തലയ്ക്കും മുഖത്തും സാരമായി പരിക്കേല്‍ക്കുകയും വലതുകൈയ്ക്ക് പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. ഷിബുവിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച സഹോദരി സിന്ധുവിനെയും പ്രതികള്‍ മര്‍ദ്ദിച്ച് അവശയാക്കി. തുടര്‍ന്ന് ഇവര്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.



