

വര്‍ക്കല: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സ്ത്രീ സംരക്ഷണ നിയമങ്ങളും, സംവിധാനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സെമിനാര്‍. ഹോസ്പിറ്റല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തിനും, വിദ്യാഭ്യാസത്തിനും ശ്രീനാരായണ ഗുരു പ്രത്യേകം ശ്രദ്ധ ചെലുത്തുകയും, നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നതായി സ്വാമി പറഞ്ഞു. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ലീഗല്‍ ഓഫീസര്‍ വി.എല്‍.അനീഷ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.


സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നിയമപരമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ വി.എല്‍.അനീഷ വിശദീകരിച്ചു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:സ്മിത സുന്ദരേശന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ:റ്റി.റ്റി.പ്രഭാകരന്‍, ഫിസിഷ്യന്‍ ഡോ:അലീഷ, നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജ്യോതി ജോസഫ് എന്നിവര്‍ സെമിനാറില്‍ പ്രഭാഷണങ്ങള്‍ നടത്തി. ഹോസ്പിറ്റലിലെ ജീവനക്കാരും, നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ 250 ലധികം വനിതകള്‍ പങ്കെടുത്ത പരിപാടിയില്‍ നഴ്‌സിംഗ് സൂപ്രണ്ട് ബി.ബീന സ്വാഗതവും, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ഷാജി നന്ദിയും പറഞ്ഞു.


