

കിളിമാനൂർ: കിളിമാനൂർ കൊട്ടാരത്തിന്റെ മുൻവശത്തുള്ള രണ്ടര ഏക്കർ വയലിലാണ് വിത്ത് വിത ഉത്സവം നടത്തിയത്. കിളിമാനൂർ ബ്ലോക്ക് കാർഷിക കർമ്മ സേന കൃഷിയോഗ്യമാക്കിയ പാടത്ത് കൊട്ടാരം സ്കൂളിലെ വിദ്യാർത്ഥികൾക്ക് നെൽവിത്തുകൾ വിതയ്ക്കുന്ന രീതി കാട്ടിക്കൊടുത്തു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളി പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കിളിമാനൂർ കൊട്ടാരത്തിലെ മുതിർന്ന രാജകുടുംബാംഗ മായ രാധാഭായി തമ്പുരാട്ടി കൊട്ടാരം സ്കൂളിലെ കുരുന്നുകൾക്ക് നെൽവിത്ത് വിതയ്ക്കലിനെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു.
രണ്ട് തലമുറകളുടെ അനുഭവസമ്പത്ത് കുരുന്നുകൾക്ക് പകർന്നു നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷം കൊട്ടാരം ട്രസ്റ്റ് ജനറൽ സെക്രട്ടറി രാമവർമ്മ തമ്പുരാൻ അറിയിച്ചു .

കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് റ്റി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ അനു ചിത്ര വി. എൽ സ്വാഗതവും, വാർഡ് മെമ്പർമാരായ ബീന എം എൻ, കൊട്ടറ മോഹനൻ, കിളിമാനൂർ കൊട്ടാരത്തിലെ രേവതി വർമ്മ രാഘവവർമ്മ, പൂഞ്ഞാർ കോവിലകം സുരേഷ് വർമ്മ, പന്തളം കൊട്ടാരം മോഹനവർമ്മ, നിലമ്പൂർ കോവിലകം സുനിൽ രാജ, അസിസ്റ്റന്റ് കൃഷി ഓഫീസർ ആർ ഹസീന എന്നിവർ ആശംസകളും കാർഷിക കർമ്മ സേന സെക്രട്ടറി മുരളീധരൻ പിള്ള നന്ദിയും അറിയിച്ചു.
