

വര്‍ക്കല: പണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞ് ആസ്പെയര് കമ്പനി പണം തട്ടിയെടുത്തെന്ന പരാതിയുമായി വര്‍ക്കല സ്വദേശി. ഇടവ വെണ്‍കുളം തോട്ടുമുക്ക് നന്ദനം വീട്ടില്‍ അരുണ്‍ ആണ് അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആസ്പെയര് കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കകം ഇരട്ടി പണം നല്‍കാം എന്ന് അരുണിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 6 നാണ് ആസ്പെയര് കമ്പനിയുടെ വെബ്സൈറ്റ് അരുണിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അരുണ്‍ വെബ്സൈറ്റില്‍ കണ്ട വാട്സ് ആപ് നമ്പരിന്റെ ലിങ്കില്‍ കയറി കമ്പനിയുമായി ചാറ്റ് ചെയ്തു.


കമ്പനി അധികൃതര്‍ ചാറ്റിംഗിലൂടെ നല്കിയ വാഗ്ദാനങ്ങള്‍ വിശ്വസിച്ച അരുണ്‍ കമ്പനി അധികൃതരുടെ നിര്‍ദേശപ്രകാരം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു അക്കൗണ്ടിലേക്ക് പല തവണകളായി ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ നിക്ഷേപിച്ചു. എന്നാല്‍, പിന്നീട് വാഗ്ദാനം നല്കിയ പലിശയോ നിക്ഷേപിച്ച പണമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് ആസ്പെയര് കമ്പനി വഞ്ചിക്കുകയായിരുന്നു എന്ന് മനസിലാക്കിയത്. തുടര്‍ന്നാണ് അരുണ്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. അയിരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




